കോന്നിയിൽ കള്ളൻമാരുടെ വിളയാട്ടം; തുമ്പില്ലാതെ പൊലീസ്
text_fieldsകോന്നി: മോഷണം തുടർക്കഥയായി മാറിയിട്ടും കള്ളനെ പിടിക്കാൻ കഴിയാതെ വട്ടം കറങ്ങുകയാണ് പൊലീസ്. കഴിഞ്ഞദിവസം കോന്നിയിലെ പെട്രോൾ പമ്പിൽനിന്ന് പുലർച്ച സ്കൂട്ടർ മോഷ്ടിച്ച് കടത്തിയതാണ് ഒടുവിലെ സംഭവം. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുമ്പ് വെട്ടൂരിൽ രണ്ട് വീടുകളിൽ കയറി മോഷണം നടത്തിയിരുന്നു.
പണവും സ്വർണവും എല്ലാം അപഹരിച്ച ഈ സംഭവത്തിൽ പ്രതിയുടേത് എന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പിടികൂടാൻ കഴിഞ്ഞില്ല. പ്രമാടം പഞ്ചായത്തിലെ വട്ടകുളഞ്ഞിയിൽ വീട്ടിൽ കയറി മോഷണം നടത്തിയ സംഭവത്തിലും കള്ളന്മാരെ പിടികൂടാൻ പൊലീസിനായില്ല. പല സ്ഥലങ്ങളിലും വീട് കുത്തി തുറന്നുള്ള മോഷണം നടന്നപ്പോൾ വെട്ടൂരിൽ നീളമുള്ള തോട്ടി പോലെയുള്ള കമ്പ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ഇതര സംസ്ഥാനത്ത്നിന്ന് എത്തുന്ന മോഷ്ടാക്കൾ ആണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. പല സ്ഥലങ്ങളിലും വിരലടയാള വിദഗ്ധരും പൊലീസ് നായയും ഉൾപ്പെടെ സ്ഥല പരിശോധന നടത്തിയിട്ടും കള്ളന്മാരെ പിടികൂടാൻ കഴിയാത്തത്തിൽ കോന്നിക്കാർ അസ്വസ്ഥരാണ്.
കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും നിരവധി തവണ ഈ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും അന്വേഷിക്കുന്നുണ്ട് എന്നത് മാത്രമാണ് പൊലീസ് വിശദീകരണം. കോന്നിയിൽ ബസിനുള്ളിൽ പോലും മോഷണം നടന്നിരുന്നു. ബസിനുള്ളിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതിന് പിന്നാലെയാണ് കലഞ്ഞൂരിൽ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല അപഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.