സി.പി.എം നേതാക്കളുടെ ഭീഷണി; പെട്രോൾ പമ്പ് പത്തു മണിക്കൂറിലേറെ അടച്ചിട്ടു
text_fieldsകോന്നി: സി.പി.എം.നേതാക്കളുടെ ഭീഷണിയെത്തുടർന്ന് തണ്ണിതോട്ടിലെ പെട്രോൾ പമ്പ് പത്ത് മണിക്കൂറിലേറെ അടച്ചിട്ടു. പിന്നീട് ഇന്നലെ രാവിലെ 11ഓടെ ജനങ്ങളുടെ വലിയ സമ്മർദത്തെ തുടർന്നാണ് പമ്പ് തുറന്നത്. കുറെക്കാലമായി പമ്പ് പൂട്ടിക്കാൻ സി.പി.എം പ്രാദേശിക നേതാക്കൾ ശ്രമം നടത്തുന്നതായാണ് ഉടമയുടെ പരാതി. പമ്പിന്റെ മുന്നിലൂടെ കാവ് ജംഗ്ഷൻ ഭാഗത്തേക്ക് പുതിയതായി ഓടയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
പെട്രോൾ പമ്പിലേക്ക് വലിയ വാഹനങ്ങൾ വരുന്നതിനാൽ ഭാരം താങ്ങാൻ കഴിയുന്ന സ്ലാബുകൾ സ്ഥാപിക്കണമെന്നും ഇത് പമ്പ് ഉടമ സ്ഥാപിക്കാമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ അറിയിക്കുകയും അവർ അനുമതി നൽകുകയും ചെയ്തു. എന്നാൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിടെ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിർമാണത്തിൽ കൈയേറ്റം നടക്കുന്നുണ്ടെന്ന് പരാതി ലഭിക്കുകയും നിർത്തി വെക്കാൻ ഉത്തരവ് ഇടുകയുമായിരുന്നു. ചില സി.പി.എം പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത് എന്ന് പമ്പ് ഉടമ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പമ്പ് ഉടമ പെട്രോൾ പമ്പ് അടച്ചിടുകയും ചെയ്തു.
തണ്ണിത്തോട്ടിലെ സി.പി.എം പ്രാദേശിക നേതൃത്വം കാലങ്ങളായി തന്നെ ഉപദ്രവിക്കുകയാണെന്നും സി .പി .എം മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, ലോക്കൽ സെക്രട്ടറി സുഭാഷ്, ലോക്കൽ കമ്മറ്റി അംഗം അജീഷ് തുടങ്ങിയവർ സ്ഥിരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കാണിച്ച് വിഡിയോയും ശബ്ദ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് സി.പി.എം നേതാക്കൾക്ക് എതിരെ നാട്ടുകാർ കടുത്ത പ്രതിഷേധമുയർത്തി രംഗത്ത് വന്നു. തണ്ണിത്തോട്ടിൽ മറ്റ് പമ്പുകൾ ഒന്നും ഇല്ലാതെ ഇരുന്ന സമയത്താണ് ചിറ്റാർ സ്വദേശിമ തണ്ണിത്തോട്ടിൽ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ഇത്തരത്തിൽ ഉള്ള പമ്പ് പൂട്ടിക്കാൻ ഇവർ നടത്തുന്ന ശ്രമമാണ് ഇതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.