അതിരുങ്കലിൽ വീണ്ടും പുലിയിറങ്ങി
text_fieldsകോന്നി: അതിരുങ്കലിൽ മുൻ ജില്ല പഞ്ചായത്ത് അംഗത്തിന്റ വീട്ടുമുറ്റത്ത് പുലി ഇറങ്ങിയതിന് പിന്നാലെ അതിരുങ്കൽ അഞ്ചുമുക്കിലും പുലിയിറങ്ങി. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ നെല്ലിക്ക വ്യാപാരം നടത്തുന്ന സ്ത്രീയുടെ മുന്നിലേക്കാണ് പുലി എടുത്ത് ചാടിയത്. ഇവർ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ അബോധാവസ്ഥയിലായി. പ്രദേശവാസിയായ അഞ്ചുമുക്ക് തറമേൽ മഠത്തിൽ ഉഷയും പുലിയെ കണ്ടതായി പറയുന്നു.
പ്രദേശത്ത് പുലി ശല്യം രൂക്ഷമാവുകയാണെന്നും റബർ തോട്ടങ്ങളിലെ കാടുകൾ തെളിക്കാത്തത് പുലി ഇറങ്ങാൻ പ്രാധാന കാരണമാകുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് മുൻ ജില്ല പഞ്ചായത്ത് അംഗം ബിനിലാലിന്റെ വീട്ടുമുറ്റത്തും പുലിയി ഇറങ്ങിയത്. കുറച്ചുനാളുകൾക്ക് മുമ്പാണ് സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പെൺപുലി അകപ്പെട്ടത്.
കൂടൽ, പാക്കണ്ടം, അതിരുങ്കൽ പ്രദേശങ്ങളിൽ മാസങ്ങളായി പുലി ശല്യം രൂക്ഷമാണ്. ഒരു പെൺപുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടെങ്കിലും സ്ഥലത്ത് പ്രദേശത്ത് വേറെയും പുലികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് നിരവധി ആടുകളെയാണ് പുലി പിടിച്ചത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ആളുകൾ പകൽ പോലും പുറത്തിറങ്ങാൻ മടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
കോന്നി: കൂടൽ, അതിരുങ്കൽ മേഖലയിൽ വർധിച്ചുവരുന്ന പുലിയുടെ സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം പുലി ജില്ല പഞ്ചായത്ത് മുൻ അംഗം ബിനി ലാലിന്റെ വീടിന്റെയും സമീപത്തെ വീടുകളുടെയും പരിസരത്ത് എത്തുകയും വനംവകുപ്പ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
പുലിയെ കണ്ട് നെല്ലിക്ക കച്ചവടക്കാരി ഭയന്ന് ഓടിയതോടെ അതിരുങ്കൽ ഗ്രാമം വീണ്ടും ഭീതിയിലായി. പുലിയെ കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് പ്രദേശവാസിയായ അഞ്ചുമുക്ക് തറമേൽ മഠത്തിൽ ഉഷയും പറയുന്നു. നാളുകൾക്ക് മുമ്പാണ് അരുവാപ്പുലം ഊട്ടുപാറയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തത്. ആടിന്റെ ജഡം പകുതിയോളം ഭക്ഷിക്കുകയും ചെയ്തിരുന്നു. പുലിയുടെ ആക്രമണത്തിലാണ് ആട് ചത്തതെന്ന് നാട്ടുകാർ ഉറപ്പിച്ച് പറയുമ്പോഴും വനപാലകർ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൂടൽ ഇഞ്ചപ്പാറയിലായിരുന്നു ആദ്യം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൂട്ടമായി എത്തിയ പുലികൾ മൂരിക്കിടാവിനെ കൊന്ന് ഭക്ഷിക്കുന്നത് ഉടമ നേരിൽ കാണുകയും തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് കൂട് സ്ഥാപിക്കുകയും ചെയ്തു.
തുടർന്ന് പാക്കണ്ടത്തും പുലി ആടിനെ ആക്രമിച്ച് കൊന്നു. ഈ രണ്ടിടങ്ങളിലും കാമറയും കൂടും സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല.
പിന്നീട് സംസ്ഥാനപാത മുറിച്ച് കടന്നുപോകുന്ന പുലിയെ നാട്ടുകാർ കണ്ടതായും പറയുന്നുണ്ട്. ദിവസങ്ങൾക്ക് ശേഷമാണ് പാക്കണ്ടത്ത് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുന്നത്. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം കൂടുതലും. ഈ ഭാഗത്തെ റബർ തോട്ടങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളും കാടുകയറി കിടക്കുകയാണ്. ഇത് വെട്ടിമാറ്റാൻ ഗ്രാമപഞ്ചായത്ത് ഭൂവുടമക്കൾക്ക് കത്ത് നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
പുലിയുടെ ആക്രമണത്തിൽ ഈ പഞ്ചായത്തുകളിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവരും ഏറെയുണ്ട്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.