അതുമ്പുംകുളത്ത് ആടിനെ കടുവ കൊന്നു
text_fieldsകോന്നി: അതുമ്പുംകുളത്ത് കടുവ ആടിനെ ആക്രമിച്ച് കൊന്നു. കഴിഞ്ഞ ദിവസം പുലർച്ചയാണ് കോന്നി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ വാരിക്കാഞ്ഞിലിയിൽ കടുവ ആടിനെ ആക്രമിച്ച് കൊന്നത്. വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ രതീഷിന്റെ (അനിൽ) ആടിനെയാണ് കടുവ കൊന്നത്. പുലർച്ച വീടിന് സമീപത്തെ കൂട്ടിൽ ആട് കരയുന്നത് കേട്ട് അനിലിന്റെ അമ്മ രാജമ്മ കൂടിന് സമീപത്തേക്ക് ചെന്നപ്പോഴാണ് കടുവയെ കാണുന്നത്. എന്നാൽ, ആദ്യം ഇത് കടുവയാണെന്ന് ഇവർക്ക് മനസ്സിലായില്ല. കുറച്ചുകൂടി അടുത്തേക്ക് ചെന്ന രാജമ്മ കടുവയാണെന്ന് മനസ്സിലാക്കി ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും കൂട്ടിലെ ഒരു ആടിനെ കടുവ കടിച്ച് കൊന്നിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും കടുവ രക്ഷപ്പെട്ടു. കഴുത്തിൽ കയർ കെട്ടിയിരുന്നതിനാൽ ആടിനെ എടുത്തുകൊണ്ട് പോകാൻ കടുവക്ക് കഴിഞ്ഞില്ല.
മണിക്കൂറുകൾക്ക് ശേഷം പുലർച്ച അഞ്ചരയോടെ ആടിനെ കൊന്ന കടുവ വീണ്ടും കൂടിന് സമീപം എത്തുകയും ആളുകൾ ബഹളംവെച്ചതിനെ തുടർന്ന് കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. നാല് ആടുകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്.
ബഹളത്തെ തുടർന്ന് ബാക്കിയുള്ളവ കൂട്ടിൽനിന്നും ഇറങ്ങി ഓടി. സംഭവത്തെ തുടർന്ന് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ വിവരം അറിയിക്കുകയും അവർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.
ഞള്ളൂർ ഉത്തരകുമാരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി എം. നൗഷാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ നജിമുദ്ദീൻ, മനോജ്, ബീറ്റ് ഓഫിസർമാരായ ഹനീഷ്, അബിൻ, കോന്നി സ്ട്രൈക്കിങ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
പുലിയുടെ ആക്രമണത്തിലാണ് ആട് ചത്തത് എന്നായിരുന്നു ആദ്യ ഘട്ടത്തിൽ വനപാലകരുടെ നിഗമനം. എന്നാൽ, കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ ആടിനെ പോസ്റ്റ്മോർട്ടം നടത്തുകയും ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആടിന്റെ കഴുത്തിലാണ് കടിയേറ്റത്.
എന്നാൽ, കടുവയുടെ പല്ലുകൾ കഴുത്തിൽ ആഴത്തിൽ പതിഞ്ഞിട്ടില്ലാത്തതിനാൽ പ്രായാധിക്യമുള്ള കടുവയാണ് ആക്രമിച്ചത് എന്നാണ് നിഗമനം. കടുവയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. കൂട് പൊളിക്കാതെ മേൽക്കൂരക്കുള്ളിൽ കൂടി ചാടിക്കടന്നാണ് കടുവ കൂട്ടിനുള്ളിൽ പ്രവേശിച്ചതെന്ന് കരുതുന്നു.
പ്രദേശത്ത് വരുംദിവസങ്ങളിൽ രാത്രി പരിശോധന ശക്തമാക്കുമെന്ന് വനപാലകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.