വന്യമൃഗങ്ങളെ തുരത്താൻ ആധുനിക ഉപകരണവുമായി രഞ്ജിത്
text_fieldsകോന്നി: കാടുവിട്ടിറങ്ങി നാട്ടിൽ നാശം വിതക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി രഞ്ജിത്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കാട്ടുമൃഗങ്ങളെ തുരത്തുന്ന പഴഞ്ചൻ രീതിക്ക് പകരം വൈൽഡ് ആനിമൽ സെൻസിങ് ആൻഡ് ഫെൻസിങ് സിസ്റ്റം എന്ന ഉപകരണമാണ് ഈ യുവാവ് നിർമിച്ചത്.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നാട്ടറിവുകളെയും പരമ്പരാഗത രീതികളെയും ആധുനിക ഇലക്ട്രോണിക്സ് വിദ്യയുമായി കോർത്തിണക്കിയാണ് ഉപകരണത്തിെൻറ നിർമാണം. ജനവാസ മേഖലകളിലും കൃഷിഭൂമികളിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ പുതിയ ഉപകരണംകൊണ്ട് സാധിക്കും.
10 മുതൽ 400 മീറ്റർ വരെ ദൂരത്ത് എത്തുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രത്യേക രൂപകൽപന ചെയ്ത ഉപകരണത്തിലൂടെ മനസ്സിലാക്കാം. ഇതിൽ ഘടിപ്പിച്ച ഹോണിലൂടെ മൃഗങ്ങളെ ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കും. ആനയെ ഭയപ്പെടുത്തി ഓടിക്കാൻ കടുവയുടെയും തേനീച്ചയുടെയും ശബ്ദമാണ് ക്രമീകരിച്ചിരിക്കുന്നത്.
മനുഷ്യർക്ക് കേൾക്കാൻ കഴിയാത്തതും വന്യമൃഗങ്ങൾക്ക് ഏറെ അരോചകം സൃഷ്ടിക്കുന്നതുമായ ഇൻഫ്രസോണിക്-അൾട്രസോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ചാണ് വന്യമൃഗങ്ങളെ തുരത്തുന്നത്. സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ഒരു യൂനിറ്റുകൊണ്ട് ഒരേക്കർ സ്ഥലെത്ത കൃഷി സംരക്ഷിക്കാനാകും. രഞ്ജിത് നിർമിച്ച ഈ ഉപകരണം കോന്നി, റാന്നി, അഞ്ചൽ, വടശ്ശേരിക്കര, കോടനാട്, ശബരിമല വനമേഖലകളിൽ വനം വകുപ്പ് ഇപ്പോൾ വന്യമൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് എൻജിനീയറിങ് പൂർത്തിയാക്കിയ 36കാരനായ രഞ്ജിത് കെ. ടെക് എന്ന സ്ഥാപനം നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.