നിർമാണം പൂർത്തിയായിട്ട് രണ്ടരവർഷം; കുരുതിക്കളമായി സംസ്ഥാന പാത
text_fieldsകോന്നി: നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി രണ്ടരവർഷം കഴിയുമ്പോൾ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പുനലൂർ മുതൽ പ്ലാച്ചേരിവരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിൽ മതിയായ സുരക്ഷ ബോർഡുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾ കൂടുതൽ ക്ഷണിച്ചുവരുത്തുന്നത്.
വകയാർ എട്ടാംകുറ്റിയിൽ കാറും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചതാണ് അവസാനത്തെ സംഭവം. ദിവസങ്ങൾക്ക് മുമ്പാണ് മല്ലശ്ശേരിമുക്കിൽ കാറിൽ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രണ്ടരവയസ്സുകാരി മരണപ്പെട്ടത്. കോന്നി ഇളകൊള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസ് പള്ളിയിലേക്ക് ഇടിച്ചുകയറി നിരവധിപേർക്ക് പരിക്ക് പറ്റിയതും അടുത്ത സമയത്തായിരുന്നു.
കോന്നി ചിറ്റൂർ മുക്കിൽ ഓട്ടോറിക്ഷയിൽ ബസിടിച്ച് വനിത ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതും സംസ്ഥാന പാതയിലെ അമിതവേഗത്തിലാണ്. കോന്നി പുളിമുക്കിലും കാർ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അശ്രദ്ധമായ രീതിയിൽ വാഹനങ്ങളെ മറികടക്കുന്നതാണ് അപകടങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം. കൂടാതെ ഇരുചക്ര വാഹന അത്രക്കാരുടെ വാഹനങ്ങളിലെ അമിതവേഗവും സംസ്ഥാന പാതയിലെ അപകടങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാണ്.
ഇട റോഡുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് കയറുന്ന ഭാഗങ്ങളിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നതും പല അപകടങ്ങൾക്കും കാരണാമായി. സംസ്ഥാനപാത നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഭാഗങ്ങളിൽ മതിയായ ദിശാസൂചികകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. മതിയായ സിഗ്നൽ ലൈറ്റുകളും ഇല്ല.
കോന്നിയിൽ അമിതവേഗത്തിൽ പാഞ്ഞുപോകുന്ന ബൈക്ക് യാത്രികരും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. സംസ്ഥാന പാതയിൽ പൊലീസ്-മോട്ടോർ വാഹന വകുപ്പുകൾ പരിശോധനകൾ കർശനമാക്കി മാറ്റിയെങ്കിലും മാത്രമേ സംസ്ഥാന പാതയിലെ വേഗപ്പാച്ചിലിനും അപകടങ്ങൾക്കും പരിഹാരമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.