കോന്നി എഫ്.സി.ഐ ഗോഡൗണിൽ വീണ്ടും വിജിലൻസ് പരിശോധന
text_fieldsകോന്നി: കോന്നി എഫ്.സി.ഐ ഗോഡൗണിൽ വിജിലൻസ് പൊലീസ് സൂപ്രണ്ട് പരിശോധന നടത്തി. വെളളിയാഴ്ച രാവിലെ പത്തോടെ സപ്ലൈകോ വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് ഗോഡൗണിലെ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.
ആഴ്ചകൾക്ക് മുമ്പ് സിവിൽ സപ്ലൈസ് കോർപറേഷൻ കോന്നി ഗോഡൗണിൽനിന്ന് അരി കാണാതായ സംഭവത്തിൽ ഓഫിസർ ഇൻ-ചാർജിനെ സസ്പെൻഡ് ചെയ്തിരുന്നു. അസിസ്റ്റന്റ് സെയിൽസ്മാനെ ഇടുക്കിയിലേക്കും അസിസ്റ്റന്റ് സെയിൽസ് വുമനെ കോട്ടയത്തേക്കും സ്ഥലംമാറ്റുകയും ചെയ്തു. സൈപ്ലകോ കോട്ടയം റീജനൽ മാനേജറാണ് നടപടി സ്വീകരിച്ചത്.
തുടർന്ന് കോന്നിയിലേക്ക് മൂന്ന് പേർക്ക് നിയമനം നൽകിയെങ്കിലും ഒ.ഐ.സിയും എ.എസ്.ഡബ്ല്യുവും അവധിയെടുത്തു. പകരം ജീവനക്കാർക്ക് തത്ക്കാലിക നിയമനം നൽകിയിട്ടുണ്ട്. വിജിലൻസ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോഡ് അരിയുടെ കുറവാണ് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുടെ ഭാഗമായാണ് സപ്ലൈകോ വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. റേഷൻകടകൾക്ക് കാണാതായ ഏഴ് ലോഡ് അരി നൽകിയതായാണ് ഗോഡൗൺ അധികൃതരും തൊഴിലാളികളും മൊഴി നൽകിയത്. എന്നാൽ, ഈ ലോഡുകൾ കൃത്യമായി റേഷൻ കടകളിൽ എത്തിയിട്ടില്ല എന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ. മൂന്നുമാസം കൂടുമ്പോഴാണ് എഫ്.സി.ഐ ഗോഡൗണിലെ സ്റ്റോക്ക് പരിശോധിക്കുന്നത്.
എന്നാൽ, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയും അധികം ചാക്ക് അരിയുടെ കുറവ് കണ്ടെത്തിയതെന്നും അധികൃതർ പറയുന്നു. റേഷൻ കടകൾക്ക് വിതരണം ചെയ്തെന്ന് പറയുമ്പോഴും ഇത് രേഖകളിൽ ഇല്ലെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജിലൻസ് കൺട്രോളറുടെ നേതൃത്വത്തിൽ പ്രമാടം, കോന്നി, കൂടൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് കോന്നിയിൽ ക്രമക്കേട് കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് കോന്നി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രമകേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ല സപ്ലൈ ഓഫിസർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.