നടപ്പാലം കുലുങ്ങുന്നു; കുലുക്കമില്ലാതെ അധികൃതർ
text_fieldsകോന്നി: തണ്ണിത്തോട് സെൻട്രൽ ജങ്ഷനിൽനിന്ന് വി.കെ പാറയിലേക്കുള്ള നടപ്പാലം ബലക്ഷയത്തിലായിട്ട് നാളുകൾ.
പാലം പുനർനിർമിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാണ്. പക്ഷേ, അധികൃതർ ഗൗനിക്കുന്നില്ല. തണ്ണിത്തോട് പഞ്ചായത്ത് പശ്ചിമഘട്ട വികസന പദ്ധതിയിൽ 21 വർഷംമുമ്പാണ് തണ്ണിത്തോട് സെൻട്രൽ ജങ്ഷന് സമീപത്തുകൂടി ഒഴുകുന്ന വലിയ തോടിന്‍റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം പണിതത്. സെൻട്രൽ ജങ്ഷനിൽനിന്ന് വി.കെ പാറ, കെ.കെ പാറ, അംഗൻവാടിപ്പടി റോഡ്, സരസ്വതി വിദ്യാനികേതൻ സ്കൂൾ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പവഴിയും ഇതാണ്.
കല്ലാറ്റിൽ ചെന്നുചേരുന്ന വലിയ തോടിന് കുറുകെയുള്ള പാലമായതിനാൽ മഴക്കാലത്ത് തോട്ടിലൂടെ ഒഴുകിയെത്തിയ തടിയും മറ്റും ഇടിച്ച് പാലത്തിന്‍റെ തൂണുകൾക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. പാലത്തിന്‍റെ ചുവട്ടിലെ കോൺക്രീറ്റ് ഇളകിമാറി ഇവിടം പൊള്ളയായി മാറി.
അറ്റകുറ്റപ്പണി നടത്തി പാലം നവീകരിക്കുകയോ വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ പാലം പുനർനിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.