വന്യജീവി ആക്രമണം: മലയോര ജനത ഭീതിയിൽ
text_fieldsകോന്നി: ഓമനിച്ച് വളർത്തിയ മൃഗങ്ങളെ പുലിയും കടുവയും കൊണ്ടുപോകുന്നത് നോക്കിനിൽക്കാൻ മാത്രമേ കോന്നിയിലെ മലയോര ജനതക്ക് കഴിയുന്നുള്ളൂ. ആടും നായയും പശുവും അടക്കമുള്ളവയെയാണ് കുറഞ്ഞ കാലയളവിനുള്ളിൽ വന്യമൃഗങ്ങൾ കൊന്നൊടുക്കിയത്.
തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളിലാണ് വളർത്ത് മൃഗങ്ങൾക്കുനേരെ കൂടുതലുണ്ടായ ആക്രമണങ്ങൾ ഉണ്ടായത്. കഴിഞ്ഞദിവസം വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായെ വീട്ടുകാർ നോക്കിനിൽക്കെ പുലി കടിച്ചുകൊന്നു. ഇതിനുമുമ്പ് അതുമ്പുംകുളത്ത് ആടിനെ കടുവ പിടികൂടി. പിന്നീട് ഇതിനെ ഞള്ളൂരിൽ ചത്തനിലയിൽ കണ്ടെത്തി. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലും അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലും വന്യജീവി ആക്രമണം വർധിച്ചിരിക്കയാണ്.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇരുചക്ര വാഹനങ്ങളിൽ പോകുമ്പോൾ കാട്ടുപന്നി കുറുകെചാടി പരിക്കേറ്റ സംഭവങ്ങളും അനവധിയാണ്. രണ്ടുവർഷം മുമ്പാണ് തണ്ണിത്തോട് മേടപ്പാറയിൽ റബർ സ്ലോട്ടർ കരാറുകാരൻ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. വനംവകുപ്പ് കടുവയെ പിടികൂടാൻ കുംകി ആനയെ വരെ എത്തിച്ച് തിരച്ചിൽ നടത്തുകയും കൂട് സ്ഥാപിക്കുകയും ചെയ്തിട്ടും കടുവയെ പിടികൂടാൻ കഴിഞ്ഞില്ല. 2022ലും തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. കഴിഞ്ഞദിവസം കല്ലേലിയിലും അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുക്കുട്ടി ചത്തു.
മേടപ്പാറയിൽ യുവാവിനെ കടുവ ആക്രമിച്ചുകൊന്ന ശേഷവും പുലിയുടെ സാന്നിധ്യം ഇവിടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018ലാണ് കൊക്കാത്തോട് സ്വദേശി കിടങ്ങിൽ കിഴക്കേതിൽ രവിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. കോന്നിയുടെ വിവിധ മേഖലയിൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഇന്നും തുടരുന്നുണ്ട്. വനാതിർത്തികളിൽ വനംവകുപ്പ് സൗരോർജ വേലികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാത്തതും വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്.
വളർത്ത് മൃഗങ്ങൾ വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയും പര്യാപ്തമല്ല. മലയണ്ണാനും കുരങ്ങും അടക്കം നിരവധി ജീവികൾ കോന്നിയിൽ കർഷകർക്ക് നാശംവിതക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. എന്നിട്ടും ഇതിന് ശാശ്വത പരിഹാരം കാണുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.