അഞ്ചുമണിക്കൂർ രക്ഷാപ്രവർത്തനം; കിണറിടിച്ച് കാട്ടുപോത്തിനെ രക്ഷിച്ചു
text_fieldsകോന്നി: അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കോന്നി ഞള്ളൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഞള്ളൂർ ചേലക്കാട്ട് അനു സി.ജോയിയുടെ വീട്ടിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.
രാവിലെ ഏഴരയോടെ മോട്ടർ ഓണാക്കിയപ്പോൾ ടാങ്കിൽ വെള്ളം കയറാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കാട്ടുപോത്തിനെ കണ്ടത്. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജയിംസ്, ഉത്തരകുമരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി ലിതേഷ്, കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി സുന്ദരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘവും കോന്നി സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി. ആദ്യ ശ്രമത്തിൽ കരക്കുകയറാതെ വന്നതോടെ മണ്ണുമാന്തി ഉപയോഗിച്ച് കിണറിന്റെ അരികുവശം ഇടിച്ചുതാഴ്ത്തി വഴിവെട്ടിയാണ് പോത്തിനെ കരക്കെത്തിച്ചത്. ഏകദേശം രണ്ടുമണിയോടെ പോത്ത് കരക്കുകയറി. രണ്ടുമിനിറ്റ് കരയിൽ നിന്നതിനുശേഷം വനത്തിലേക്ക് കയറിപ്പോയി.
പോത്തിന്റെ മുൻകാലുകൾക്കും പുറകുഭാഗത്തും മുറിവുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വിവരം അറിഞ്ഞ് കോന്നിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഇവിടെയെത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ നാട്ടുകാരും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.