ജനവാസ മേഖലയെ ഭീതിയിലാക്കി കാട്ടുപോത്തുകൾ
text_fieldsകോന്നി: രണ്ടുദിവസമായി ഇളകൊള്ളൂരിലെ ജനവാസ മേഖലകളെ വിറപ്പിക്കുന്ന കാട്ടുപോത്തുകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കോന്നി പ്രമാടം പഞ്ചായത്തിലെ നാലും, അഞ്ചും വാർഡിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ മേഖലകളിലായി മൂന്നോളം കാട്ടുപോത്തുകളെ കണ്ടത്. ഇത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇളകൊള്ളൂരിൽ കാട്ടുപോത്തുകൾ ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോന്നി ഇളകൊള്ളൂർ സ്കൂളിന് സമീപം രണ്ട് കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടതായി പറയുന്നത്. കാട്ടുപോത്തുകൾ നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പുതുവാരത്തിൽ രവീന്ദ്രൻ നായർ എന്നയാൾ കൃഷിയിടത്തിലേക്ക് വരുമ്പോൾ അച്ചൻകോവിൽ നദിയുടെ തീരത്ത് മാളിയേക്കൽ കടവിലും കാട്ടുപോത്തുകളെ കണ്ടതായി പറയുന്നു. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അടക്കമുള്ള വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കാട്ടുപോത്തിന്റെ കാൽപാടുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. മാളിയേക്കൽ കടവിന്റെ മറുകരയിലും കാട്ടുപോത്തിന്റെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ പല തവണ പോത്തിനെ കണ്ടെങ്കിലും വനപാലകർക്ക് ഇതുവരെ ഇതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 15 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. രാത്രിയിലും തിരച്ചിൽ തുടരുമെന്ന് വനപാലകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.