കാട്ടാനശല്യം; ജാഗ്രത നിർദേശവുമായി വനംവകുപ്പ്
text_fieldsകോന്നി : വേനൽ കടുത്തതോടെ തണ്ണിത്തോട് റോഡ് മറികടന്ന് കാട്ടാനകൾ വെള്ളം കുടിക്കാൻ എത്തുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയായതോടെ തണ്ണിത്തോട് റോഡിൽ വനം വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
തണ്ണിത്തോട് മാതൃക ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന് സമീപമാണ് എൽ.ഇ.ഡി ബോർഡ് സ്ഥാപിച്ചത്. വേനൽ കടുത്തത്തോടെ തണ്ണിത്തോട് റോഡ് മറികടന്ന് കല്ലാറിൽ കാട്ടാനകൾ വെള്ളം കുടിക്കാൻ എത്തുന്നത് പതിവാണ്. ഇപ്പോൾ ദിവസവും നിരവധി തവണ റോഡ് മറികടന്ന് കാട്ടാനക്കൂട്ടം കല്ലാറിൽ വെള്ളം കുടിക്കാൻ എത്തുന്നുണ്ട്. ഉൾക്കാടുകളിലെ ചെറിയ നീരുറവകൾ കണ്ടെത്തി അവ നിലനിർത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ കാട്ടാനകൾ ഇറങ്ങുന്ന തണ്ണിത്തോട് ഇലവുങ്കലിൽ വന്യ മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ ചെക്ക് ഡാം നിർമിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. വേനൽക്കാലത്ത് വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ മൺപിലാവ്, മേക്കണം, വില്ലൂന്നിപ്പാറ, കൂത്താടിമൺ വന സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ 14 കിലോമീറ്ററോളം വനാതിർത്തിയിൽ സോളാർ വേലികളും സ്ഥാപിച്ചിട്ടുണ്ട്. മുണ്ടോൻ മൂഴി മുതൽ തണ്ണിത്തോട് മൂഴി വരെ വനം വകുപ്പ് രാത്രികാല പരിശോധനകൾ ശക്തമാക്കിയതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.