നിരീക്ഷണത്തിലിരുന്ന കാട്ടാന ചെരിഞ്ഞു
text_fieldsകോന്നി: ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂർത്തിമണ്ണിൽ വനപാലകരുടെ നിരീക്ഷണത്തിലിരുന്ന കാട്ടാനയെ കൃഷിയിടത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 40 വയസ്സുള്ള പിടിയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
20 ദിവസത്തിലേറെയായി കാട്ടാന വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. ആനയുടെ പിൻഭാഗത്ത് മറ്റൊരു കൊമ്പനാനയുടെ ആക്രമണത്തിൽ സാരമായി മുറിവേറ്റിരുന്നതായി പറയുന്നു. ഈ മുറിവിൽ ഉണ്ടായ അണുബാധയാണ് ആന ചെരിയുന്നതിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം.
എന്നാൽ, ആനക്ക് മുറിവേൽക്കാൻ ഇടയായത് കൊമ്പനാനയുടെ ആക്രമണം മൂലമാണെന്ന വാദം അവിശ്വസനീയമാണെന്നും ഇതുസംബന്ധിച്ച് വിശദ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന പ്രദേശത്ത് നാശം വിതച്ച് വരുകയായിരുന്നു.
പ്രദേശത്തെ വീടിന്റെ അടുക്കള ഭാഗവും കൃഷികളും കാട്ടാന നശിപ്പിച്ചിരുന്നു. ആനക്ക് മുറിവേറ്റിട്ടുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയതോടെ കൈതച്ചക്കയിൽ മരുന്ന് കുത്തിവെച്ച് നൽകി ആനയെ രക്ഷപ്പെടുത്താൻ വനപാലകർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോന്നി വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രൻ, കോട്ടയം വെറ്ററിനറി സർജൻ ഡോ. അനുമോദ്, തണ്ണിത്തോട് വെറ്ററിനറി സർജൻ ഡോ. വിജി വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ട് നടപടി പൂർത്തിയാക്കി ജഡം മറവ് ചെയ്തു. ഗുരുനാഥൻ മണ്ണ് റേഞ്ച് ഓഫിസർ കെ.വി. രതീഷ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.