വന്യജീവികളുടെ ആവാസ കേന്ദ്രമായി തോട്ടങ്ങൾ
text_fieldsകോന്നി: കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ കാടുകയറി കിടക്കുന്ന സ്വകാര്യ ഭൂമികൾ വന്യജീവികളുടെ ആവാസകേന്ദ്രങ്ങളായി മാറുന്നു.
പാകണ്ടം, ഇഞ്ചപ്പാറ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിലും ആടിനെയും പശുക്കിടാവിനെയും ആക്രമിച്ച സ്ഥലങ്ങളും ഇത്തരത്തിൽ കാടുകയറി കിടക്കുന്ന സ്വകാര്യ ഭൂമിയുള്ള ഭാഗങ്ങളായിരുന്നു. കാടിറങ്ങി എത്തുന്ന പുലി പോലെയുള്ള മൃഗങ്ങൾക്ക് ഉൾപ്പെടെ ഒളിച്ചിരിക്കാൻ പറ്റിയ പ്രധാന താവളമായി മാറുകയാണ് ഇത്തരം സ്വകാര്യ ഭൂമികൾ.
കോന്നിയിലെ വിവിധ പ്രദേശങ്ങളിൽ ഉടമസ്ഥൻ നാട്ടിലുള്ളതും വിദേശത്ത് ഉടമസ്ഥർ ഉള്ളതുമായ നിരവധി ഭൂമിയാണ് കാടുകയറി കാട്ടുപന്നി ഉൾപ്പെടെ വന്യജീവികളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്.
റബർ തോട്ടങ്ങളാണ് കൂടുതലും കാട് കയറിയിരിക്കുന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലകളിലാണ് കൂടുതലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ കാടുകൾ വളർന്നുനിൽക്കുന്നത്.
ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ ഈ സ്ഥലമുടമകളുമായി ബന്ധപ്പെട്ട് ഈ കാടുകൾ നീക്കംചെയ്താൽതന്നെ പുലി ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്ന സംഭവങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. കാട്ടുപന്നികളും പാമ്പും ഉൾപ്പെടെ ഈ കാടുകളിൽ വളരുന്നുണ്ട്.
കാടു വെട്ടിത്തെളിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും ഒരു നടപടിയും ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.