ആറന്മുള ഉത്രട്ടാതി ജലമേളയിൽ വാടക തുഴച്ചിൽ; ഒഴുകിയത് 1.50 കോടി
text_fieldsകോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലമേളയിൽ വാടക തുഴച്ചിലുക്കാരെ എത്തിച്ചതായി വ്യാപക ആരോപണം. ജലമേളയിൽ പങ്കെടുത്തതിൽ പകുതിയിലധികം പള്ളിയോടങ്ങളിൽ പുറമെനിന്നുള്ള തുഴച്ചിലുകാരെ എത്തിച്ചതിന് പമ്പാതീരങ്ങളിൽനിന്ന് സമീപ ജില്ലകളിലേക്ക് ഒന്നരക്കോടിയിലേറെ രൂപ ഒഴുകി.
മിക്ക പള്ളിയോടങ്ങളിലും പുറമെനിന്നുള്ള തുഴച്ചിലുകാർ കയറിയെന്ന ആരോപണം കരകളിൽ ശക്തമാണ്. എ ബാച്ചു പള്ളിയോടങ്ങളിൽ 30 മുതൽ 50 വരെയും ബി ബാച്ചിൽ 20നും 30നും ഇടയിലും തുഴച്ചിലുകാരെ പുറമെനിന്നും എത്തിച്ചെന്നാണ് ആരോപണം.
മുപ്പതിലധികം പള്ളിയോടങ്ങളിൽ ഇത്തരത്തിൽ തുഴച്ചിലുകാർ കയറിയത്രേ. ഇടനിലക്കാരായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബോട്ട് ക്ലബുകളിൽ പ്രവർത്തിക്കുന്നവരായിരുന്നു.
പുറമെനിന്നുള്ള തുഴച്ചിലുകാരെ ഒഴിവാക്കണമെന്ന നിയമം പാസാക്കിയ സേവാസംഘം ഭാരവാഹികളുടെ പള്ളിയോടങ്ങളിലും ആറന്മുള ജലമേളയുടെ പൈതൃകം ഘോഷിക്കുന്നവരുടെ പള്ളിയോടങ്ങളിലും കരാർ കൂലി തുഴച്ചിലുകാർ ഉണ്ടായിരുന്നു. ഒരു ക്ലബിനെ ഒന്നിച്ച് കരാർ എടുത്തവർ ഇതിൽനിന്നും സഹോദര കരകൾക്ക് പങ്കുവെച്ച് നൽകുകയും ചെയ്തു. ഇത്തരത്തിൽ ആലപ്പുഴയിലെ ഒരു ക്ലബിൽനിന്നും വന്ന 100 പേരെ മൂന്ന് കരകൾ വീതിച്ചെടുക്കുകയും ചെയ്തു. എന്നിട്ടും പള്ളിയോടം വിജയിക്കാതെ കരയിൽ മടങ്ങി എത്തിയപ്പോൾ ഭാരവാഹിക്ക് മർദനം ഏറ്റത്രേ.
കരയിലെ പ്രതിനിധികളായി നാലോ അഞ്ചോ പേർ അമരത്ത് കാണും. പാട്ടുകാർ നാലുപേർ. റിസർവ് നയമ്പുകാരും തുഴച്ചിലുകാരും കരയിൽനിന്നുള്ളവരും മത്സര സമയം പള്ളിയോടങ്ങളിൽ കാണും. ജലഘോഷയാത്രക്ക് ശേഷം മത്സര വള്ളംകളിയിലേക്ക് കടക്കുമ്പോഴാണ് പള്ളിയോടത്തിന്റെ മധ്യഭാഗത്തുള്ള തുഴച്ചിലുകാർക്ക് മാറ്റം ഉണ്ടാകുന്നത്. ഇരുവശത്തും ഇരുന്ന് തുഴയുന്ന കരക്കാർക്ക് പകരം വാടക തുഴച്ചിലുകാർ സ്ഥാനം പിടിക്കും. 90 തുഴച്ചിലുകാരുള്ള പള്ളിയോടത്തിൽ വേഗം നിശ്ചയിക്കുന്ന പ്രധാന മധ്യഭാഗത്ത് ഇരുവശത്തുമായി 20-30 പേർ വീതം കാണും. പിന്നെല്ലാം ഇവരുടെ നിയന്ത്രണത്തിലാണ്.
ഇത്തരത്തിൽ വാടക തുഴച്ചിലുകാരെ കൊണ്ടുവന്ന ഓരോ പള്ളിയോട കരക്കും മൂന്ന് മുതൽ അഞ്ചുലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. ഒന്നരലക്ഷം രൂപയായിരുന്നു പല ക്ലബുകളുടെയും കുറഞ്ഞ നിരക്ക്. ഇതിന് പുറമെ ഭക്ഷണം, താമസം, യാത്ര, മുന്തിയ ഇനം എനർജി ഡ്രിങ്ക്സ് എന്നിങ്ങനെ പോകുന്നു ചെലവ്. ഇതെല്ലം കൂടി കണക്കാക്കുമ്പോൾ ഒന്നരക്കോടിയിലധികം തുക ഒരുദിവസത്തേക്ക് മാത്രം കരകളിൽനിന്നും പടിഞ്ഞാറേക്കും തെക്കോട്ടും ഒഴുകിയിട്ടുണ്ട്. പല കരകളിലും യുവാക്കളെ തുഴച്ചിൽ പഠിപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കര പ്രമാണിമാരുടെ ആവേശത്തിൽ പുറമെനിന്നുള്ളവരെ കൊണ്ടുവരുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.