ആറന്മുള ഉത്രട്ടാതി ജലോത്സവം; മണിയാർ ഡാം തുറന്ന് പമ്പയുടെ ജലനിരപ്പ് ക്രമീകരിക്കും
text_fieldsകോഴഞ്ചേരി: രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന ആറന്മുള ജലോത്സവത്തിൽ പമ്പയുടെ ജലവിതാനം കുറയുന്നപക്ഷം മണിയാർ ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാൻ മേള അവലോകന യോഗത്തിൽ തീരുമാനം.
ഈമാസം 11നാണ് ഉത്രട്ടാതി ജലോത്സവം. രാവിലെ 10ന് പതാക ഉയർത്തും. ഉച്ചക്ക് ഒരുമണിക്ക് ജലഘോഷയാത്ര തുടങ്ങും. 50 പള്ളിയോടങ്ങളും ഈ വർഷത്ത ജലമേളയിൽ പങ്കെടുക്കും. വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചളിയും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കും.
തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, റാന്നി എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ആവശ്യമായ സർവിസ് നടത്തും.ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനട റോഡിലെ കൈയ്യേറ്റം ഒഴിപ്പിക്കും. ആറന്മുളയിലെയും സമീപ പഞ്ചായത്തുകളിലെയും വഴിവിളക്ക് പ്രകാശിപ്പിക്കുന്നതിന് കെ.എസ്.ഇ.ബിയോട് നിർദേശിച്ചു.
ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. ആറന്മുള, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, കോയിപ്രം പഞ്ചായത്തുകൾ മുഖേന പൊതുജന ആരോഗ്യ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
പൊലീസ്, അഗ്നിരക്ഷസേന, എക്സൈസ് വകുപ്പുകൾ വേണ്ട സുരക്ഷ നടപടി സ്വീകരിക്കും. 50 ഉദ്യോഗസ്ഥരെയും മൂന്ന് സ്കൂബ ടീമിനെയും അഗ്നിരക്ഷ സേന വിന്യസിക്കും. ആംബലുൻസ്, മെഡിക്കൽ ടീമടക്കമുള്ള സംവിധാനങ്ങൾ ജില്ല മെഡിക്കൽ ഓഫിസർ ഒരുക്കും.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി വീണ ജോർജ് അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ, അഡീഷനൽ എസ്.പി. ബിജി ജോർജ്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍, സെക്രട്ടറി പാർഥസാരഥി ആര്‍. പിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെണ്‍പാല, റേസ് കമ്മിറ്റി കൺവീനർ എം.കെ. ശശികുമാർ, പി.ആർ. ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എസ്. ബിനോയ്, ജിജി വർഗീസ് ജോൺ, എസ്. ഉഷാകുമാരി, ഷീജ ടി.ടോജി, ബ്ലോക്ക് പ്രസിഡന്റുമാരായ ശോശാമ്മ ജോസഫ്, രേഖ അനിൽ, ഡെപ്യൂട്ടി കലക്ടർ ടി.ജി. ഗോപകുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.