ആറന്മുള ഉത്രട്ടാതി ജലമേള നാളെ
text_fieldsകോഴഞ്ചേരി: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. മത്സര വള്ളംകളിയും, സമ്മാനദാനവും നടത്തി വൈകീട്ട് അഞ്ചോടെ സമാപിക്കും. മന്നം ട്രോഫി, ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി, ദേവസ്വം ബോർഡ് ട്രോഫി തുടങ്ങിയവ വിജയികൾക്ക് വിതരണം ചെയ്യും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെയാണ് മത്സര വള്ളംകളി. വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും.
രാവിലെ 9.30ന് ആറന്മുള ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി സത്രക്കടവിൽ എത്തി, കലക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. കേന്ദ്ര ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഗിരിരാജ് സിങ്, കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണ ജോർജ്ജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.എൻ. വാസവൻ, എം.പി.മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ അതിഥികളായെത്തും.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധീകരിച്ച് 52 പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും 50 പള്ളിയോടങ്ങൾ മത്സരവള്ളംകളിയിലും പങ്കെടുക്കും. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണ്.
ക്ലബ് തുഴച്ചിൽകാരെ തടയും
ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി നടത്തുന്നത്. മത്സരം വള്ളംകളിയിൽ സമയം നോക്കിയാണ് ഫൈനൽ മത്സരത്തിലേക്കുള്ള പള്ളിയോടങ്ങളെ തെരഞ്ഞെടുക്കുന്നത്. ആധുനിക ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സമയം നോക്കുന്നത്. കുറ്റമറ്റ രീതിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി മത്സര കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ അറിയിച്ചു.
ആറന്മുള പള്ളിയോടങ്ങളിൽ ചിലതിൽ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ക്ലബുകളിലുള്ള തുഴച്ചിൽക്കാരെ കൂലിക്ക് വിളിച്ച് തുഴയുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരെ പള്ളിയോടങ്ങളിൽ തുഴച്ചിൽകാരായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്ന് സംഘാടകർ വ്യക്തമാക്കി. ആറന്മുള ഉത്രട്ടാതി ജലമേള പാരമ്പര്യ ശൈലിയിൽ മതപരമായ ചടങ്ങുകളാണ് നടക്കുന്നത്. പുറത്തുള്ള ക്ലബുകളിലെ തുഴച്ചിൽകാർ പള്ളിയോടത്തിൽ കയറുന്നത് പാരമ്പര്യ ജലമേളയെ അലങ്കോലപ്പെടുത്താൻ കാരണമാകുമെന്നതിനാലാണ് നടപടി സ്വീകരിക്കുക. ഇതിന് സഹായം ചെയ്യുന്ന ക്ലബുകളുടെ അംഗീകാരം റദ്ദ് ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അറിയിച്ചു.
ഒരുക്കങ്ങൾ പൂർത്തിയായി
ജലമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫിനിഷിങ് പോയിന്റിന് പുറമേ മധ്യഭാഗത്തും മധുക്കടവിലും ട്രാക്ക് സജ്ജമാക്കുന്നുണ്ട്. ആംബുലൻസ്, റെസ്ക്യൂ, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മേളയ്ക്കായി ഒരുക്കങ്ങൾ തയ്യാറാക്കി വരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന നാലു വള്ളങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. നെഹ്റു ട്രോഫി രീതിയിൽ ഹീറ്റ്സിൽ കുറഞ്ഞ സമയത്തിൽ എത്തുന്നവർ എ ബാച്ചിലും ബി ബാച്ചിലും ഫൈനലിൽ എത്തും. രണ്ടാം സ്ഥാനത്ത് എത്തുന്ന നാല് പള്ളിയോടങ്ങൾ സെമിഫൈനലിൽ മത്സരിക്കുന്നതാണ്. റേസ് കമ്മിറ്റി പള്ളിയോടങ്ങൾക്ക് നിർദ്ദേശങ്ങളും നിബന്ധനകളും പ്രിന്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇതിനുപുറമേ ക്യാപ്റ്റൻമാരും കരനാഥന്മാരും ഒപ്പിട്ട കരാറും പള്ളിയോട സേവാ സംഘം വാങ്ങിയിട്ടുണ്ട്.
പമ്പയിലെ ജലവിതാനം നിലവിലുള്ളതിലും കുറഞ്ഞാൽ ജലവിതാനം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ള തായി ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. സത്രത്തിലെ പവലിയനിൽ ഇരിപ്പിട സൗകര്യത്തിനായി 1000, 500, 250,100 രൂപയുടെ പാസുകൾ പാഞ്ചജന്യം ഓഫീസിൽ വിൽപ്പനക്കായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.