ചെങ്ങന്നൂർ–പമ്പ റെയിൽപാത; ഇനി വേണ്ടത് കേന്ദ്രാനുമതി
text_fieldsകോഴഞ്ചേരി: ശബരിമല യാത്ര സുഗമമാക്കാനുള്ള നിർദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽ പാതയുടെ പണി തുടങ്ങാൻ ഇനി വേണ്ടത് കേന്ദ്ര മന്ത്രിസഭയുടെയും റെയിൽവേ ബോർഡിന്റെയും അനുമതി. അഞ്ചുവർഷം കൊണ്ടു പൂർത്തിയാക്കുന്ന വിധത്തിലാണ് റെയിൽവേ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ഫാസ്റ്റ് റെയിൽ ട്രാൻസിസ്റ്റ് സിസ്റ്റം എന്ന ആധുനിക ബ്രോഡ് ഗേജ് ഇരട്ടപ്പാതയാണ് ലക്ഷ്യമിടുന്നത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പ വരെ 59.23 കിലോമീറ്ററാണ് പാതയുടെ നീളം. ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് പാതയിലെ സ്റ്റേഷനുകൾ. 22 പാലങ്ങളും 20 തുരങ്കങ്ങളും നിർമിക്കും. ആലപ്പുഴ ജില്ലയിൽ പുലിയൂർ, ആല, മുളക്കുഴ പഞ്ചായത്തുകളിലൂടെയാണ് പാത. പദ്ധതി പ്രദേശത്തിൽ 81.367 ഹെക്ടർ വനഭൂമിയാണ്. വനം നഷ്ടമാകുന്നതിന് പകരമുള്ള പരിസ്ഥിതി പ്രതിരോധ മാർഗങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പ്രധാന റോഡുകൾ, റെയിൽപാതകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുമായി ഈ പാതയെ എളുപ്പത്തിൽ ബന്ധിപ്പിക്കാം. കൊച്ചി തുറമുഖവുമായുള്ള അകലം- 100 കിലോമീറ്റർ, കൊച്ചി വിമാനത്താവളം- 125 കിലോമീറ്റർ, തിരുവനന്തപുരം വിമാനത്താവളം- 120 കിലോമീറ്റർ.
- എസ്റ്റിമേറ്റ് തുക: 6,480 കോടി രൂപ. പൂർത്തിയാകുമ്പോഴേക്കും 7208.24 കോടിയായി ഉയരും.
- പൂർത്തീകരണ കാലാവധി: 5 വർഷം
- പരമാവധി വേഗശേഷി: 200 കിലോമീറ്റർ
- ട്രാക്ക് നീളം: 126.16 കിലോമീറ്റർ
- ഭൂമി ആവശ്യകത: 213.687 ഹെക്ടർ. ഇതിൽ 127.038 ഹെക്ടർ സ്വകാര്യഭൂമിയും 81.367 ഹെക്ടർ വനഭൂമിയും ഉൾപ്പെടും.
- 20 തുരങ്കങ്ങളുടെ ആകെ നീളം: 14.34 കിലോമീറ്റർ
- 22 പാലങ്ങളുടെ ആകെ നീളം: 14.523 കിലോമീറ്റർ
- റോഡ് യാത്രയേക്കാൾ വേഗം: ചെങ്ങന്നൂർ - പമ്പ റോഡ് യാത്രക്ക് മൂന്ന് മണിക്കൂറിലേറെ വേണ്ടിവരും. വേഗറെയിൽ പാത വന്നാൽ ഏറെ സമയം ലാഭിക്കാം. റോഡിലെ തിരക്കുകൾ ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.