വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവം; കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കെതിരെ നടപടി വൈകുന്നു
text_fieldsകോഴഞ്ചേരി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും സ്റ്റോപ്പില്‍ ഇറക്കാതിരിക്കുകയും ചെയ്ത കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കെതിരേ പരാതി നല്‍കിയിട്ടും അന്വേഷണമില്ലെന്ന് ആക്ഷേപം.
കോട്ടയം സി.എം.എസ് കോളജില്‍ എം.എസ്.സിക്ക് പഠിക്കുന്ന പ്രക്കാനം സ്വദേശിയായ വിദ്യാര്‍ഥിനിയോടാണ് പുനലൂരിലേക്കുളള പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയത്.
കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിക്ക് ഇലന്തൂരിലാണ് ഇറങ്ങേണ്ടിയിരുന്നത്. തൊട്ടുമുന്‍പുള്ള സ്റ്റോപ്പായ നെല്ലിക്കാലായില്‍ എത്തിയപ്പോള്‍ തന്നെ ഇലന്തൂരില്‍ ഇറങ്ങേണ്ടവര്‍ എഴുന്നേറ്റ് ഡോറിന് സമീപത്തേക്ക് നില്ക്കാന് കണ്ടക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പ്രകാരം വിദ്യാര്‍ഥിനി മുന്നിലെ ഡോറിന് സമീപത്തേക്ക് മാറി നിന്നു. എന്നാല്‍, ഇലന്തൂരില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ കൂട്ടാക്കിയില്ല. ആളിറങ്ങണം എന്ന് പറഞ്ഞപ്പോള്‍ തൊട്ടടുത്തു തന്നെ നിന്നിരുന്ന കണ്ടക്ടര്‍ തട്ടിക്കയറിയെന്ന് പരാതിയില്‍ പറയുന്നു. ഇപ്പോള്‍ നിര്‍ത്താന്‍ പറ്റില്ലെന്നും എന്താണെന്ന് വച്ചാല്‍ അങ്ങ് കാണിക്കാനും കണ്ടക്ടര്‍ പറഞ്ഞുവത്രേ. കരഞ്ഞു പറഞ്ഞപ്പോള്‍ അരക്കിലോമീറ്ററോളം മാറ്റി വണ്ടി നിര്‍ത്തിയ ശേഷം ഇറങ്ങിപ്പോകാന്‍ ആക്രോശിച്ചു.
ബസില്‍ കയറിയപ്പോള്‍ മുതല്‍ മറ്റ് യാത്രക്കാരോടും ഇതേ രീതിയില്‍ കണ്ടക്ടര്‍ പെരുമാറുന്നത് കണ്ടുവെന്ന് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. പിറ്റേന്ന് തന്നെ യാത്രാടിക്കറ്റ് സഹിതം മന്ത്രിതലത്തിലും കെ.എസ്.ആര്.ടി.സി ഡിപ്പോയിലും പൊലീസിനും പരാതി നല്കി. പരാതി അന്വേഷിക്കാന്‍ എസ്.പി ഓഫീസില്‍ നിന്ന് വിളിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. കെ.എസ്.ആര്.ടി.സി മന്ത്രിക്കും വിജിലന്‍സ് വിഭാഗത്തിനുമൊക്കെ പരാതി അയച്ചെങ്കിലും യാതൊരു അന്വേഷണവും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.