സാമ്പത്തിക ഇടപാടിനെച്ചൊല്ലി അടിപിടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: സാമ്പത്തിക ഇടപാട് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയ വിരോധത്താൽ മർദിക്കുകയും സോഡക്കുപ്പിക്കൊണ്ട് അടിച്ച് മൂക്കിന്റെ പാലം തകർക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കോയിപ്രം പുല്ലാട് കാലായിൽ പടിഞ്ഞാറെതിൽ അരീഷ് കെ. രാജപ്പൻ (ട്യൂട്ടർ -37), കോയിപ്രം കുറവൻകുഴി പാറയിൽ പുരയിടം അനിൽ കുമാർ (കുഞ്ഞാലി-45) എന്നിവരാണ് ആദ്യകേസിൽ പിടിയിലായത്.
മത്സ്യക്കച്ചവടക്കാരനായ പുറമറ്റം ഉമിക്കുന്നുമല തോപ്പിൽ വീട്ടിൽ ജോജി വർഗീസിനാണ് (56) കഴിഞ്ഞ 13ന് രാത്രി 10ന് പുല്ലാട് മർദനമേറ്റത്. കച്ചവടം കഴിഞ്ഞ് ബാക്കിവന്ന മത്സ്യം പുല്ലാട് ചന്തയിലെ ഫ്രീസറിൽ സൂക്ഷിക്കാൻ എത്തിയപ്പോൾ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ ജോജി വർഗീസിനെ മർദിക്കുകയും സോഡക്കുപ്പിക്ക് അടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു.
ജോജിയുടെ പരാതിയിലാണ് കേസെടുത്തത്. ഒന്നാം പ്രതി അരീഷിന്റെ ഭാര്യ രജനി പത്തനംതിട്ട ജെ.എഫ്.എം രണ്ട് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ജോജി വർഗീസ് പ്രതിയാണ്. തന്റെ കച്ചവടം തകർത്തെന്ന് ആരോപിച്ച് ജോജി, മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് ഭർത്താവിനെ വെട്ടിയെന്ന രജനിയുടെ പരാതിയിലെടുത്ത കേസിലാണ് ജോജി വർഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസിൽ മറ്റൊരാൾ കൂടി പ്രതിയാണ്. അതേസമയം, കോയിപ്രം പൊലീസ് 2021,2022 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിൽ അരീഷ് മുമ്പ് പ്രതിയായിട്ടുണ്ട്. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്.ഐ സുരേഷ് കുമാർ എന്നിവരാണ് ഇരുകേസും അന്വേഷിക്കുന്നത്. എസ്.ഐ സുരേഷ് കുമാറിനാണ് രണ്ട് കേസിന്റെയും അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.