ലിംഗവൈവിധ്യം അംഗീകരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത -ഡോ. പ്രിയ
text_fieldsകോഴഞ്ചേരി: എല്ലാ മനുഷ്യരും ഒരുപോലെ ഇരുന്നാല്‍ ജീവിതത്തിനു എന്താണ് പ്രസക്തി എന്ന് കേരളത്തിലെ ആദ്യ ട്രാന്സ്ജന്ഡര് ഡോക്ടറായ ഡോ. പ്രിയ വി.എസ്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ലിംഗവൈവിധ്യം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ പ്രതിബദ്ധതയാണ്. മാരാമണ്‍ കൺവെന്ഷന് യുവവേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രിയ.
സമൂഹത്തിന്റെ ദിശാബോധത്തിന് പുതിയ അവബോധം നൽകണം. ജീവിക്കുവാനുള്ള അവകാശം സ്വയം നടത്തുന്ന തെരഞ്ഞെടുപ്പാണ്. നരകതുല്യമായ ജീവിതമാണ് ലിംഗവൈവിധ്യങ്ങളെ അംഗീകരിക്കാത്തതുമൂലം സമൂഹം സൃഷ്ടിക്കുന്നത്. ലിംഗ വ്യക്തിത്വത്തെ സ്വയം വെളിപ്പെടുത്താന്‍ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങളും മനുഷ്യരാണ്.
വ്യത്യസ്തതയെ അംഗീകരിക്കാത്തതുമൂലം ജീവിതത്തില്‍ പലതവണ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുണ്ട്. മാറ്റങ്ങള്‍ അനിവാര്യമാണ് സമൂഹത്തില്‍. മുഖംമൂടികളിലെ ജീവിതമല്ല മുഖംമൂടികളെ മാറ്റി സ്വന്ത സ്വത്വബോധത്തില്‍ ജീവിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് പ്രിയ അഭിപ്രായപ്പെട്ടു. ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
പത്മശ്രീ ഡോ. ശോശാമ്മ ഐപ്പിന് യോഗത്തിൽ സ്വീകരണം നൽകി. നാടിന്റെ വികസനം എല്ലാ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ടാവണം എന്ന് അവർ പറഞ്ഞു. മനുഷ്യന്റെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയും ജീവനും സംരക്ഷിക്കണം. യുവജനസഖ്യം വൈസ് പ്രസിഡന്റ് ചെറിയാന് സി. തോമസ്, ട്രഷറര്‍ റിനു രാജ്, ജനറല്‍ സെക്രട്ടറി ജോണ്‍ മാത്യൂസ്. സി. തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.