നിർമാണം എങ്ങുമെത്താതെ കോഴഞ്ചേരി സമാന്തര പാലം
text_fieldsകോഴഞ്ചേരി: വാഗ്ദാനങ്ങളുടെ പെരുമഴ തീർക്കുമ്പോഴും പമ്പാനദിക്ക് കുറുകെ കോഴഞ്ചേരി പുതിയ പാലം നിർമാണം ഇഴയുന്നു. കഴിഞ്ഞ ആറ് വർഷമായി ഒരേ അവസ്ഥയാണ് കോഴഞ്ചേരി സമാന്തര പാലം നിർമാണത്തിൽ സംഭവിക്കുന്നത്. ഇതിനിടെ കാലവർഷം തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ നദിയിലേക്ക് ഇറക്കിയ ജെ.സി.ബിയും നിർമാണ സാമഗ്രികളും കരയിലേക്ക് കയറ്റിയിരുന്നു. ഇപ്പോൾ ഇത് കാണാനുമില്ലെന്ന് നാട്ടുകാർ പറയുന്നു. നിർമാണ തടസ്സങ്ങൾ എല്ലാം പരിഹരിച്ചെന്നും ഇനിയുള്ള പണികൾ ഉടൻ നടക്കുമെന്നും മഴക്ക് തൊട്ട് മുമ്പായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് വന്നിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ ആരോഗ്യ മന്ത്രി ഇക്കാര്യം ശരിവെച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വന്ന ജോലിക്കാരും സ്ഥലം വിട്ടു. ഇനി മഴ കഴിഞ്ഞ് വെള്ളം താഴ്ന്ന് വരുമ്പോഴേക്കും മാസങ്ങൾ കഴിയും.
സ്ഥലം ഏറ്റെടുക്കുന്നതിൽ തർക്കം
സമീപ പാതക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളാണ് കോഴഞ്ചേരി സമാന്തര പാലത്തിന്റെ പണികൾ വൈകാൻ കാരണമായതെന്നും വിശദീകരണമുണ്ട്. നദിയിലെ തൂണിന്റെ മുകളിൽ സ്ഥാപിക്കാനുള്ള എൻബ്രൈഡർ നിർമാണത്തിനുള്ള സാമഗ്രികൾ എത്തിച്ചെങ്കിലും നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തുടങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനം മാരാമൺ കൺവെൻഷന് ശേഷമാണ് മുടങ്ങിക്കിടന്ന പണികൾ പുനരാരംഭിച്ചത്. അപ്പോൾ നദിയിൽ നാല് തൂണും രണ്ട് എൻബ്രൈഡറുകളും മാത്രമാണ് പൂർത്തിയായിരുന്നത്. ഇതിനിടെ മാരാമൺ ഭാഗത്തെ സ്ഥലം ഏറ്റെടുത്ത് സമീപ പാതയുടെ പണികൾ ഇടക്ക് തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. സമാന്തര പാലത്തിന് മാരാമൺ ഭാഗത്ത് ഒന്നും കോഴഞ്ചേരി ഭാഗത്ത് രണ്ടും ലാൻഡ് സ്പാനുകളാണ് വേണ്ടത്. ഇതിൽ മാരാമൺ ഭാഗത്തെ സ്പാനിന്റെ കോൺക്രീറ്റിങിന് മുമ്പേയുള്ള പാർശ്വഭിത്തികളുടെ നിർമാണവും നടന്നുവരികയാണ്. കോഴഞ്ചേരി ഭാഗത്തെ സമാന്തര പാതക്ക് സ്ഥലം ലഭ്യമാക്കി കലക്ടർ ഉത്തരവിട്ടെങ്കിലും നടപടി തുടങ്ങിയിട്ടില്ല. പോസ്റ്റ് ഓഫിസ് നിൽക്കുന്ന സ്ഥലത്ത് മാർക്കിങ് നടത്തിയതാണ് ഇവിടെയുള്ള പുരോഗതി. പാലം കോഴഞ്ചേരി കരയിലേക്ക് കയറിയിട്ടില്ല. ഇനി മഴ കഴിഞ്ഞുവരുമ്പോൾ നടക്കുമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവർ പങ്കുവെക്കുന്നത്.
പാലം വന്നാൽ തിരക്ക് കുറയും
പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയിൽ കോഴഞ്ചേരിയിലെ തിരക്ക് കുറക്കാനാണ് കോഴഞ്ചേരിയിൽ സമാന്തര പാലം നിർമാണം ആരംഭിച്ചത്. ഇതിന്റെ ആവശ്യത്തിനായി സ്ഥലം കണ്ടെത്താൻ കോഴഞ്ചേരി ചന്തയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഇതോടെ ഇവിടെ കടകളും ചന്തയും മാറ്റി. പുതിയ ഇടം ലഭിച്ചതുമില്ല. പഞ്ചായത്തിന് ലഭിച്ചിരുന്ന കോടികളുടെ വരുമാനം നിലക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.