മാരാമൺ കൺവെൻഷൻ വചനപ്രഘോഷണ വേദി ഉണർന്നു
text_fieldsകോഴഞ്ചേരി: മാരാമൺ മണൽപുറത്ത് വചനപ്രഘോഷണത്തിന്റെ വേദി ഉണർന്നു. പമ്പാ മണപ്പുറത്ത് ഒരുങ്ങിയ വിശാലമായ പന്തലിൽ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മലങ്കര മാര്‍ത്തോമ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത 127ാമത് മാരാമണ്‍ കണ്വെന്ഷൻ ഉദ്ഘാടനം ചെയ്തു.
അതിജീവനത്തിന്റെ കാലഘട്ടത്തില്‍ അപരന്റെ ആവശ്യത്തിനു മുന്നില്‍ നിസ്സംഗരാകുകയല്ല വേണ്ടതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സാധ്യതകള്‍ ധാരാളം തുറന്നുകിടക്കുമ്പോള്‍ അത് തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ പ്രതിസന്ധികള്‍ക്ക് ഉത്തരം കണ്ടെത്താൻ സഭ തയാറാകണം. അഞ്ചപ്പംകൊണ്ട് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തിയ ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെട്ടത് നിങ്ങളുടെ പക്കല്‍ ഉള്ളത് നല്‍കാനാണ്. പ്രതിസന്ധികളെ ചലനാത്മകമാക്കാനുള്ള ആഹ്വാനമായിരുന്നു അത്.
പ്രശ്നപരിഹാരത്തിന് അപരനിലേക്ക് നോക്കുകയല്ല വേണ്ടത്, അവനവനിലേക്കുതന്നെ നോക്കാനാണ് ദൈവികാഹ്വാനം. ലോകത്തിന്റെ പ്രശ്നങ്ങള്‍ക്കു മുന്നില്‍ ദൈവിക ഉപകരണങ്ങളാകുകയെന്നതാണ് ദൗത്യം. വിശ്വാസി സമൂഹത്തിലൂടെ ദൈവത്തെ തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് വിഭവങ്ങള്‍ പങ്കുവെക്കുന്നവരായി സഭയും സമൂഹവും മാറിയേ മതിയാകൂ. സാധ്യതകളെ സമൂഹത്തിന്റെ നന്മക്കായി പങ്കിടണം -അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ആന്റണി രാജു, വീണ ജോർജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരടക്കം നിരവധിപേർ സമ്മേളനത്തിൽ സംബന്ധിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൺവെൻഷൻ നടക്കുന്നത്. 20ന് സമാപിക്കും. മാര്‍ത്തോമ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ് ദിലോരാജ് ആര്. കനകസാബെ -ശ്രീലങ്ക, ഫാ. ഡോ. ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ, ഫാ. അസിര്‍ എബനേസര്‍, ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ, ആര്‍ച് ബിഷപ് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവര്‍ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.