അടുത്ത പരീക്ഷണമാകുമോ അയിരൂർ നഴ്സിങ് കോളജ്
text_fieldsകോഴഞ്ചേരി: ജില്ല ആസ്ഥാനത്തെ സർക്കാർ നഴ്സിങ് കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് മൂലം വിദ്യാർഥികൾ ദുരിതം അനുഭവിക്കുന്നതിനിടെ ഒരെണ്ണം കുടി തുടങ്ങാൻ നീക്കം. അയിരൂരിലാണ് ബി.എസ്.സി നഴ്സിങ് കോളജ് ആരംഭിക്കാനുള്ള ശ്രമം. ഐ.എച്ച്.ആർ.ഡി രണ്ട് സ്ഥാപനങ്ങൾ നടത്തി പരാജയപ്പെട്ടിടത്താണ് പുതിയ സംരംഭം. അയിരൂർ ഐ.എച്ച്.ആർ.ഡിയിൽ നഴ്സിങ് കോളജ് അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചതായാണ് അറിയുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ആദ്യ പരിശോധന പൂർത്തിയായതായും എം.എൽ.എ പറയുന്നു. അയിരൂരിലെ ഐ.എച്ച്.ആർ. ഡി സയൻസ് കോളജ് പ്രവർത്തനം അവസാനിപ്പിച്ചാണ് നഴ്സിങ് കോളജ് തുടങ്ങാൻ ആലോചന. ആദ്യം ഇതേ വകുപ്പിന്റെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ നിലവിൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത് അടൂരിലും മല്ലപ്പള്ളിയിലും മാത്രമാണ്. റാന്നി താലൂക്കിലെ ഏക സ്കൂൾ നിർത്തിയാണ് കോളജ് തുടങ്ങിയത്. 40 വിദ്യാർഥികൾക്ക് വീതം പഠിക്കാവുന്ന ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഫിസിക്സ് മോഡൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം മോഡൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഐ.എച്ച്.ആർ.ഡി കോളജിൽ ഉണ്ടായിരുന്നത്. നടത്തിപ്പിലെ പാളിച്ചയും അസൗകര്യങ്ങളും മൂലം തുടക്കം മുതലേ പ്രതിസന്ധിയിലായിരുന്നു ഈ സ്ഥാപനം.
സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ എൻജിനീയറിങ് കോളജ് അടക്കം നന്നായി ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുമ്പോൾ ആയിരുന്നു ഇവിടെ പരാജയം. സ്ഥിരമായി അധ്യാപകരില്ലാത്തതും ഗതാഗത സൗകര്യങ്ങളുടെ കുറവും ഒക്കെ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും പരിഹരിക്കാതെ മുന്നോട്ട് പോയതോടെ കോളജ് തന്നെ നിർത്തേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഏറെ സാങ്കേതിക സൗകര്യങ്ങളും അനുമതികളും വേണ്ട നഴ്സിങ് കോളജ് പ്രഖ്യാപനം.
കടമ്പകൾ ഏറെ
നിലവിൽ സ്ഥലം ഉൾപ്പെടെ നഴ്സിങ് കോളജിന് കണ്ടെത്തേണ്ടി വരും. റാന്നി, തിരുവല്ല, കാഞ്ഞീറ്റുകര എന്നീ സർക്കാർ ആശുപത്രികളിൽ വിദ്യാർഥികൾക്ക് പരിശീലന സൗകര്യം ഒരുക്കാമെന്നാണ് കണ്ടെത്തൽ. പത്തനംതിട്ട കോളജിലെ വിദ്യാർഥികൾക്ക് കോന്നി മെഡിക്കൽ കോളജിലാണ് പരിശീലനം. ഇവിടേക്ക് യാത്ര സൗകര്യമില്ലെന്നാണ് സമരം നടത്തുന്ന കുട്ടികൾ പറയുന്നത്.
ഇതെല്ലാം ഒരുക്കി കോളജ് ആരംഭിച്ചില്ലെങ്കിൽ പത്തനംതിട്ടയിലെ അവസ്ഥയാകും അയിരൂരിലും ഉണ്ടാവുക. അയിരൂർ ഐ.എച്ച്.ആർ.ഡി കാമ്പസിനൊപ്പം മൂന്ന് ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് കണ്ടെത്തി നൽകും. കേരള നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ, ആരോഗ്യ സർവകലാശാല, ഇന്ത്യൻ നഴ്സിങ് കൗൺസിൽ എന്നിവയുടെ അംഗീകാരവും ലഭിക്കേണ്ടതായുണ്ട്.
ആദ്യഘട്ടത്തിൽ 40 വിദ്യാർഥികൾ
റാന്നിയിൽ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് നഴ്സിങ് മേഖലയാണ്. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കണം എന്ന നിർദേശം പരിഗണിച്ചാണ് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ റാന്നിയെ തെരഞ്ഞെടുത്തത്. ആദ്യഘട്ടമായി സംസ്ഥാനത്തിന് മൂന്നു കോളജുകളാണ് അനുവദിക്കുന്നത് അതിലൊന്ന് റാന്നിക്കാണ്. 40 ബി.എസ്.സി നഴ്സിങ് വിദ്യാർഥികൾക്കായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം. സ്ഥലം കണ്ടെത്തൽ, കെട്ടിട നിർമാണം, മറ്റ് സൗകര്യങ്ങൾ എന്നിവക്കായി എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, സർക്കാർ ഫണ്ടുകൾ, മറ്റ് ഇതര ഫണ്ടുകൾ, ഏജൻസികളിലൂടെ സഹായം, സി.എസ്.ആർ ഫണ്ട്എന്നിവയെല്ലാം സമാഹരിക്കുന്നത് ഉൾപ്പെടെ വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കും. മാസങ്ങൾ മുമ്പ് വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെ യോഗം അയിരൂരിൽ നടന്നെങ്കിലും തുടർ നടപടികൾ മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.