ദേവസ്വം ബോർഡിെൻറ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കും -കെ. അനന്തഗോപൻ
text_fieldsകോഴഞ്ചേരി: തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബോർഡെന്ന് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. പുനർ നിർമിച്ച പുല്ലാട് ഭഗവതി കാവിൽ ഭദ്രകാളി ക്ഷേത്രത്തിെൻറ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി സംസ്ഥാനത്തും പുറത്തുമായി വിവിധയിടങ്ങളിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭൂമി മറ്റ് പലരും കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദമായ പരിശോധനയും തിരികെയെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നാഗർകോവിലിൽ പൻപള്ളി വില്ലേജിൽ 28 ഏക്കർ പുഞ്ചനിലവും രണ്ടര ഏക്കർ കരഭൂമിയും കഴിഞ്ഞ 10 വർഷമായി ഒരു രേഖയുമില്ലാതെ മറ്റുള്ളവർ കൃഷി ചെയ്യുന്നതായി കണ്ടെത്തി. നിയമനടപടി എടുത്ത് ഈ ഭൂമി ദേവസ്വത്തിലേക്ക് കണക്കുചേർത്ത് ഇപ്പോൾ പാട്ട രേഖ തയാറാക്കി കൃഷിക്കായി നൽകിയിട്ടുണ്ട്. മുണ്ടക്കയത്തും ഇതേ പോലെ ദേവസ്വം ഭൂമി മറ്റൊരാൾ വ്യാജ പട്ടയമുണ്ടാക്കി കൈവശം വെച്ചതായി കണ്ടെത്തി. സ്ഥലം തിരികെ ലഭിക്കാനുള്ള നിയമ നടപടി ആരംഭിച്ചു.
വാരാണസിയിലെ സത്രം ബോർഡ് വീണ്ടെടുത്ത് നവീകരിക്കൽ പ്രക്രിയ ആരംഭിച്ചു. എരുമേലി, നിലക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തീർഥാടകർക്കുള്ള സൗകര്യം വർധിപ്പിക്കാനായി ഒരുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ 75കോടി നൽകിയതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. അജയൻ വല്യുഴത്തിൽ അധ്യക്ഷതവഹിച്ചു. കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണവും ഹിന്ദു ആചാര്യസഭ ദേശീയ വൈസ് പ്രസിഡന്‍റ് സ്വാമി ശങ്കര വിജേന്ദ്രപുരി അനുഗ്രഹ പ്രഭാഷണവും നടത്തി. ദേവസ്വം ബോർഡ് അസി. എൻജിനീയർ ജെ. പ്രേംലാൽ, പി. ഉണ്ണികൃഷ്ണൻ, ടി.എസ്. സതീഷ് കുമാർ, കെ.ആർ. മനോജ് കുമാർ, പി.എൻ. പരമേശ്വരൻ നായർ, കെ.ജി. അശോകൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.