തിരുവോണത്തിന് ഉണ്ണാവ്രതം അനുഷ്ഠിച്ച് ആറന്മുളയിലെ കാരണവന്മാർ
text_fieldsകോഴഞ്ചേരി: വിവിധ ഇനം പായസങ്ങൾക്കൊപ്പം നാടന്‍ വിഭവങ്ങള്‍ കൂട്ടിയുള്ള സദ്യയാണ് ഓണത്തിന് പ്രധാനം. എന്നാല്‍ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തിരുവോണത്തിന് ജലപാനം പോലുമില്ലാതെ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന കാരണവന്മാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. അതും മഹാ സദ്യയുടെ നാടായ ആറന്മുളയിലാണിത്. ആചാര പ്രകാരം ആറന്മുളയിലെ മൂന്ന് കുടുംബങ്ങള്‍ ഈ തിരുവോണത്തിനും
പതിവ് തെറ്റിച്ചില്ല. നൂറ്റാണ്ടുകളായി ഇവര്‍ പിന്തുടര്ന്നു പോരുന്ന ആചാരം കൂടിയാണിത്. തെക്കേടത്ത് ഇല്ലം, പുത്തേഴത്ത് ഇല്ലം, ചെറുകര ഇല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള കാരണവന്മാരാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. തലമുറകളായി ഇതുകൈ മാറി വരുന്നു. തന്റെ ഭക്തര്‍ പട്ടിണി കിടക്കരുതെന്ന് നിര്ബന്ധമുളളയാളാണ് ആറന്മുള പാർഥസാരഥിയെന്നാണ് വിശ്വാസം.
ഇതനുസരിച്ച് പുരാതന കാലങ്ങളിൽ ക്ഷേത്രത്തിന്റെ അധീനതയിലെ കരകളില്‍ ഒമ്പത് കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഓണ നാളില്‍ അടിയാളന്മാർക്ക് നെല്ലും മറ്റ് ഓണ സാധനങ്ങളും നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ ഊരാണ്മാവകാശമുള്ള ഇല്ലങ്ങൾക്കായിരുന്നു ചുമതല. ഇത് നടന്നുപോകുകയും ചെയ്തു. എന്നാൽ കാലം കടന്നു പോയപ്പോൾ ഊരായ്മ ഇല്ലങ്ങളില്‍ ആധികളും വ്യാധികളുമെല്ലാം കണ്ടു. ഇല്ലങ്ങളില്‍ സംഭവിക്കുന്ന അനിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രശ്നം
നടത്തി. ഇതില്‍ തെളിഞ്ഞ സംഭവത്തെ തുടർന്നാണ് ദോഷങ്ങള്‍ ഉണ്ടാകുന്നത് എന്നായി വിശ്വാസം.ഒരു വർഷം അടിയന്മാർക്ക് നെല്ല് അളന്ന ശേഷം ഇല്ലത്തുള്ളവര്‍ മടങ്ങി. കനത്ത മഴയും മിന്നലും ഉള്ള ദിവസത്തിൽ അളവ് വാങ്ങാൻ നല്ല തിരക്കുമുണ്ടായിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ട് നെല്ല് വാങ്ങാനെത്തിയ ഒരു ഗര്‍ഭിണി മരിച്ചു. ഇത് എങ്ങനെയെന്ന് വ്യക്തമായില്ലെങ്കിലും ഇതിന്റെ അനിഷ്ടമാണ്
ഇല്ലങ്ങളില്‍ ദുരിതമായി എത്തുന്നതെന്നായിരുന്നു പ്രശ്നവിധി. ഇതിന് പരിഹാരമായി തിരുവോണ ദിവസം ഇല്ലത്തെ കാരണവന്മാർ പട്ടിണി കിടന്നാല്‍ പ്രായശ്ചിത്തമായി എന്ന വിധിയും വന്നു. ഇത് പിന്തുടര്ന്നാണ് കുടുബ കാരണവന്മാർ തിരുവോണ ദിനം ഉണ്ണാവൃതം അനുഷ്ഠിക്കുന്നത്. ഇത്തവണ ആറന്മുള തെക്കേടത്ത് ഇല്ലത്തെ നാരായൺ മൂസതും (73) അക്കീരമൺ രാധാകൃഷ്ണ ശർമയുമാണ് (91) ആചാരപാലനത്തിനായി തിരുവോണ നാൾ ഉപവസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.