പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: നാട്ടുകാർ പെട്ടു; നിരപരാധികളെ തേടി പൊലീസ് വീടുകൾ കയറുന്നു
text_fieldsകോഴഞ്ചേരി: കാട്ടൂർ പേട്ടയിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ നാട്ടുകാർ പൊല്ലാപ്പിലായി. അറസ്റ്റ് ഭയന്ന് നിരവധി പേർ നാട്ടിൽനിന്ന് മാറി നിൽക്കുകയാണ്. നവ മാധ്യമങ്ങളിൽ നിരപരാധിത്വം ഏറ്റുപറഞ്ഞ് യുവജന സംഘടനാ പ്രവർത്തകരടക്കം വിശദീകരണവുമായി രംഗത്തുണ്ട്. പൊലീസിന്‍റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്, നിരപരാധികളെ തേടി ആറന്മുള പൊലീസ് രാപ്പകൽ വീടുകൾ കയറുന്നതിൽ പ്രതിഷേധം ഉയർന്നുതുടങ്ങി. ഗൃഹനാഥൻമാർ മാറി നിൽക്കുന്നതിനാൽ പല കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ കണമുക്ക് സ്വദേശി ചരിവുകാലായിൽ സിറാജ് പ്രദേശത്ത് തന്നെ ഒളിവിൽ കഴിയുന്നതായി സൂചനയുണ്ട്. ഉൽപാദനം നിർത്തിയ റബ്ബർ തോട്ടങ്ങളിലാണ് പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്ണിൽപെടാതെ സുരക്ഷിതനായി കഴിയുന്നത്. അടുത്ത ബന്ധുക്കൾ തന്നെ പ്രതിക്ക് സഹായങ്ങൾ ചെയ്ത് കൊടുക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബൈക്ക് കുടുംബ വീടിന് സമീപം നാട്ടുകാർ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, നിരവധി കേസുകളിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുമ്പ് കാട്ടൂർ പുത്തൻ പള്ളിയിലെ ജനൽ ഗ്ളാസ് തകർത്ത കേസിൽ പ്രതികൂടിയാണ് ഇയാൾ.
സംഭവം കഴിഞ്ഞ ഞായറാഴ്ച
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ക്കാണ് കുന്നിക്കോട് പൊലീസിന്‍റെ കസ്റ്റഡിയിലായ പ്രതി സിറാജ് രക്ഷപ്പെട്ടത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് മഫ്തിയിൽ എത്തിയ കുന്നിക്കോട് സ്റ്റേഷനിലെ എസ്.ഐമാരായ വൈശാഖ് കൃഷ്ണ, ഫൈസൽ എന്നിവർ സിറാജ് രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന സഹോദരിയുടെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ കയറി ബലപ്രയോഗത്തിലൂടെ സ്വകാര്യ കാറിലേക്ക് മാറ്റി. ഇതിനിടെ കുടുംബാംഗങ്ങൾ ചേർന്ന് സിറാജിനെ കാറിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്തിറക്കി. സ്ത്രീകളുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും സിറാജ് ഓടി രക്ഷപ്പെട്ടിരുന്നു. പലരും ഉച്ച മയക്കത്തിൽനിന്നാണ് ഓടി എത്തിയത്. ഇതിനിടെ ഗുണ്ടാ സംഘം സിറാജിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി കുടുംബം ആരോപണം ഉന്നയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടിപ്രവർത്തകർ ഉൾപ്പെടെ ഓടിക്കൂടിയ നൂറ്റൻപതോളം പേർ മഫ്തിയിൽ ഉള്ളവരോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടെങ്കിലും കയ്യിൽ കരുതാൻ മറന്നുപോയെന്ന് അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ആറന്മുള പൊലീസിനും ഇവരെ തിരിച്ചറിയാൻ കൊല്ലം ജില്ല പൊലീസ് ഓഫീസുമായി ബന്ധപ്പെണ്ടേി വന്നു. ഇവർ മദ്യപിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നു. നാട്ടുകാരോട് തട്ടിക്കയറുന്ന സമീപനമാണ് ഇരുവരും സ്വീകരിച്ചത്. ഇതിനിടെ സിറാജിനെ തപ്പി നാട്ടുകാർ അലഞ്ഞെങ്കിലും ഇതുവരെയായിട്ടും കണ്ടുകിട്ടിയില്ല.
നാട്ടുകാർക്കെതിരെ കേസ്
കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും ആരോപിച്ച് കുന്നിക്കോട് പൊലീസ് ഉദ്യോഗസ്ഥർ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഞായറാഴ്ച രാത്രി തന്നെ ചികിത്സ തേടി. ഇവരുടെ പരാതിയിൽ പോക്സോ കേസ് പ്രതി സിറാജ് ഒന്നാം പ്രതിയായും ഓടിക്കൂടിയവരിൽപെട്ട നാട്ടുകാരനും ചെറുകോൽ ഗവ. യു.പി സ്കൂൾ അധ്യാപകനും സി.പി.ഐ സംസ്ഥാന അധ്യാപക സംഘടനാ നേതാവുമായി തൻസീർ കാട്ടൂർപേട്ട രണ്ടാം പ്രതിയായും സിറാജിന്‍റെ മാതാവ്, ഭാര്യ, സഹോദരി എന്നിവർ മൂന്ന് മുതൽ അഞ്ച് വരെ പ്രതികളായും കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ച് നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുന്നിക്കോട് പൊലീസും നാട്ടുകാരിൽ ചിലരും പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പകർത്തിയാണ് പൊലീസ് പ്രതികളെ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്. വീഡിയോയിൽ ഉൾപ്പെട്ട ഭരണകക്ഷി സ്വാധീനമുള്ളവർ പ്രതിപട്ടികയിൽ ഇല്ലെന്നും നാട്ടുകാർ പറഞ്ഞു. തങ്ങളുടെ കൈവശത്തിലായി പ്രതി രക്ഷപ്പെട്ടതിന്‍റെ ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് കുന്നിക്കോട് പൊലീസ് തങ്ങളുടെ മേൽ ആരോപണം ഉന്നയിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവരെ തേടി രാപ്പകൽ പൊലീസ് വരുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും വീഡിയോയിൽ ഉൾപ്പെട്ടവർ ഒരു കേസുകളിൽ പോലും ഇതുവരെ പ്രതികളായിട്ടില്ലെന്നും സ്ത്രീകളുടെ കരച്ചിൽകേട്ട് ഓടി എത്തിയവരാണെന്നും നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് മിനി സോമരാജൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.