പമ്പയിൽ നീരാടാൻ പൂവത്തൂർ പടിഞ്ഞാറ് പുത്തൻ പള്ളിയോടം; സെപ്റ്റംബർ അഞ്ചിന് നീരണിയും
text_fieldsകോഴഞ്ചേരി: അമര ഗാംഭീര്യവും ശിൽപഭംഗിയും കൊണ്ട് വ്യത്യസ്തമായ പൂവത്തൂർ പടിഞ്ഞാറ് പുത്തൻ പള്ളിയോടം പമ്പയിൽ നീരാടാൻ ഒരുങ്ങുന്നു. 18 അടി അമര പൊക്കം, 68 അംഗുലം ഉടമ, നാൽപ്പത്തി ഏഴേകാൽ കോൽ നീളം കൂമ്പു മുതൽ അമരം വരെ നീളുന്ന കൊത്തു പണികൾ... മറ്റൊരു പള്ളിയോടത്തിനും ഇല്ലാത്ത ഈ പ്രത്യേകതയാണ് പൂവത്തൂർ പടിഞ്ഞാറിന്റെ ദേവയാനത്തെ മാറ്റി നിർത്തുന്നത്.
ആദ്യ പള്ളിയോടം മുപ്പത് വർഷം മുമ്പ് ഭോപ്പാൽ ദേശീയ മ്യൂസിയത്തിന് കൈമാറിയതിനെ തുടർന്ന് ലഭിച്ച പണം കൊണ്ടാണ് 1991ൽ നിലവിലെ പള്ളിയോടം നിർമിച്ചത്. ചങ്ങങ്കരി വേണു ആചാരിയുടെ പിതാവ് തങ്കപ്പൻ ആചാരിയായിരുന്നു മുഖ്യ കാർമികൻ.
പഴയ പള്ളിയോടത്തിന്റെ അതേ ശൈലിയിലായിരുന്നു നിർമാണം. ഇംഗ്ലീഷ് അക്ഷരമാലയിലെ -യു- ആകൃതിയിൽ അച്ച് തയാറാക്കി (പാട്ടുപരപ്പ് ശൈലി) നിർമിച്ച പള്ളിയോടം ഒരിക്കൽ പോലും മറിഞ്ഞിട്ടില്ല. കഴിഞ്ഞ ഉത്രട്ടാതി ജലമേളയിൽ അയിരൂർ പള്ളിയോടം ഇടിച്ചുകയറിയപ്പോഴും അമരം പോലും നെല്ലിട ചലിച്ചില്ല. നിർമാണ ശൈലി കൊണ്ട് വ്യത്യസ്ത പുലർത്തുന്ന പള്ളിയോടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതോടെയാണ് അതേ ശൈലിയിൽ പുതിയ ദേവയാനം നിർമിക്കാൻ കരക്കാർ ഒരുങ്ങിയത്.
800 ചതുരശ്രയടി; അഞ്ച് ആഞ്ഞിലി തടികൾ
കോന്നി പയ്യനാമൺ, മല്ലപ്പള്ളി, കൊല്ലം ജില്ലയിലെ കുളക്കട, കോട്ടയം ജില്ലയിലെ കങ്ങഴ പത്തനാട്, പൂവത്തൂർ എന്നിവിടങ്ങളിൽനിന്ന് ആകെ 800 ചതുരശ്ര അടി വലിപ്പം വരുന്ന അഞ്ച് വലിയ ആഞ്ഞിലി തടികൾ നിർമാണത്തിന് ആവശ്യമായി വന്നു. മുഖ്യ ശിൽപ്പി ചങ്ങങ്കരി വേണു ആചാരിക്ക് കരക്കാർ ദക്ഷിണ വച്ചതോടെ കഴിഞ്ഞ ഡിസംബർ 14ന് ഉളിക്കുത്തൽ കർമം നടന്നു. വേണു ആചാരിയുടെ മകൻ വിഷണു ആചാരികൂടി ചേർന്നാണ് നിർമാണത്തിന് തുടക്കം കുറിച്ചത്. പൂവത്തൂരിലെ ചരിത്ര പ്രസിദ്ധമായ പടനിലത്ത് മാലിപ്പുര ഉയർന്നതോടെ ആശാൻ പലകയിൽ പള്ളിയോടത്തിന്റെ ആദ്യ രൂപം വിടർന്നു. നിലവിലുള്ള പള്ളിയോടത്തിന്റെ അതേ വലുപ്പത്തിൽ അച്ചിന്റെ നിർമാണം കഴിഞ്ഞ ജനുവരി ആദ്യ വാരം തന്നെ ആരംഭിച്ചു. ഗ്രാമ ദേവതയായ കവലയിൽ ഭഗവതിക്ക് പൂജ ചെയ്തിരുന്നു. ഏരാവ്, മാതാവ് തടികളും കമിഴ്ത്ത് പലകയും ചില്ലോരായവും നിർമാണം പൂർത്തിയാക്കി പള്ളിയോടം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 നും 11.30 നും മധ്യേ പൂവത്തൂർ വരാപ്പുഴേത്ത് കടവിൽ നീരണിയും. ഇതിന് മുന്നോടിയായി ചേരുന്ന യോഗത്തിൽ എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂനിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ മുഖ്യ ശിൽപ്പിയെ ആദരിക്കും. തുടർന്ന് ബി.ജെ.പി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ നീറ്റിലിറക്കൽ കർമ്മം നിർവഹിക്കും.
ആദ്യ പള്ളിയോടം ഭോപാൽ ദേശീയ മ്യൂസിയത്തിൽ
ആറന്മുളയുടെ കീർത്തി അഖിലേന്ത്യാ തലത്തിൽ ഉയർത്തിയ കരയാണ് പൂവത്തൂർ പടിഞ്ഞാറ്. ആകാരം കൊണ്ട് ശ്രദ്ധേയമായ കരയിലെ ആദ്യ പള്ളിയോടം മുപ്പതു വർഷം മുമ്പ് ഭോപ്പാൽ ദേശീയ മ്യൂസിയത്തിന് കൈമാറിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്നും ഭോപ്പാൽ മ്യൂസിയം സന്ദർശിക്കുന്നവർക്ക് വിസ്മയ കാഴ്ചയായി കേരളത്തിന്റെ പ്രതീകമായ പള്ളിയോടം നിലനിൽക്കുന്നു.
പമ്പാ നദിയും വേമ്പനാട്ട് കായലും താണ്ടി കൊച്ചിയിൽ എത്തിച്ച പള്ളിയോടം പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കൂറ്റൻ ട്രെയിലറിലാണ് വിവിധ സംസ്ഥാനങ്ങൾ താണ്ടി മധ്യ പ്രദേശിൻ എത്തിച്ചത്. പള്ളിയോടം വഹിച്ചു കൊണ്ട് ഓരോ സംസ്ഥാനത്തും ട്രെയ്ലർ എത്തുമ്പോഴും അവിടെയെല്ലാം മാധ്യമങ്ങളിൽ പള്ളിയൊടത്തെപ്പറ്റി വാർത്ത വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.