300 കോടിയുടെ പി.ആർ.ഡി നിക്ഷേപ തട്ടിപ്പ്: കുടുംബാംഗങ്ങളായ മൂന്നുപേർ അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുനടത്തി ഒളിവിൽപോയ കോഴഞ്ചേരി കുറിയന്നൂർ പുളിമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ പി.ആർ.ഡി ഉടമകളായ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടർ കോയിപ്രം തോട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ഡി. അനിൽകുമാർ (59), ഇയാളുടെ ഭാര്യയും സ്ഥാപന മാനേജറുമായ ഡി.എസ്. ദീപ (52), സ്ഥാപന ബോർഡ് മെംബർ മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം എളമക്കരയിലെ സ്കൈലൈൻ ഫ്ലാറ്റിൽനിന്ന് ശനിയാഴ്ച പുലർച്ച പിടികൂടിയത്.
മറ്റൊരു മകൻ സ്ഥാപന ബോർഡ് മെംബറുമായ അനന്തുകൃഷ്ണ ഒളിവിലാണ്. സി.പി.എം പ്രതിനിധിയായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്‍റും എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂനിയൻ മുൻ പ്രസിഡന്‍റുമായിരുന്നു അനിൽകുമാർ. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്‍റെ ഭാര്യ ആതിര ഓമനക്കുട്ടന്‍റെ(36) പരാതിയിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29 വരെ കാലയളവിൽ കുറിയന്നൂർ ശാഖയിൽ പലപ്രാവശ്യമായി 5.40 ലക്ഷം രൂപ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചില്ല എന്നുമാണ് പരാതി.
മൂന്നു ജില്ലകളിലായി ഇവർക്ക് 18 ബ്രാഞ്ചുകളുണ്ട്. രണ്ട് വർഷമായി സ്ഥാപനം പ്രതിസന്ധിയിലാണ്. വൻ തുക പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. പലയിടത്തും വസ്തുവകകൾ, കെട്ടിടം എന്നിവ വാങ്ങി കൂട്ടിയിട്ടുണ്ട്. മൂന്നാറും ദേവികുളത്തും ബിനാമി പേരുകളിൽ തോട്ടങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്.
നിരവധി പരാതികളെ തുടർന്ന് നിക്ഷേപതുകകൾ സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇവർ പല പേരുകളിൽ സ്ഥാപനം നടത്തി പണമിടപാട് നടത്തുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പൊലീസ് വിദഗ്ധ പരിശോധനക്കായി അയച്ചു. സ്ഥാപനത്തിന് റിസർവ് ബാങ്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ മൂവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ്.ഐമാരായ അനൂപ്, ഷൈജു, മധു, താഹാകുഞ്ഞ്, പ്രകാശ്, സുരേഷ് കുമാർ, എ.എസ്.ഐമാരായ സുധീഷ്, വിനോദ്, സി.പി.ഒമാരായ ജോബിൻ, ആരോമൽ, അഭിലാഷ്, പ്രകാശ്, നെബു, ഷെബി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.