മന്ത്രിയുടെ ഓഫിസ് ഇടപെട്ടു; നീർവിളാകം റോഡിന് ടെൻഡർ നടപടി
text_fieldsകോഴഞ്ചേരി: ആറന്മുള നീർവിളാകം വഴിയുള്ള പുത്തൻകാവ്-കിടങ്ങന്നൂർ പാതയുടെ നിലവിലെ കരാർ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം സൂപ്രണ്ടിങ് എൻജിനീയർ ഇടപെട്ട് റദ്ദാക്കി. തുടർന്ന് പത്തനംതിട്ട റോഡ്സ് വിഭാഗം എക്സി. എൻജിനീയർ പുതിയ എസ്റ്റിമേറ്റ് തയാറാക്കി ചൊവ്വാഴ്ച റീ ടെൻഡർ നടപടിക്ക് സമർപ്പിച്ചു.
പ്രവൃത്തിയുടെ സാങ്കേതിക അനുമതി ഉടൻ ലഭ്യമാകുമെന്നും എത്രയും വേഗം പുതിയ ടെൻഡർ നടപടിയിലേക്ക് കടക്കാനുമാണ് മന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്. കരാർ എടുത്ത് സമ്മതപത്രം വെച്ചശേഷം ഒരു വർഷം കഴിഞ്ഞിട്ടും ഈ പാതയുടെ പുനരുദ്ധാരണം നടത്താൻ കരാറുകാരൻ തയാറാകാത്തതിനെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരരംഗത്ത് വന്നിരുന്നു.
കരാറുകാരനെക്കൊണ്ട് പുനർനിർമാണം നടത്തിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കിനെതിരെ ആക്ഷൻ കൗൺസിൽ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസ് പത്തനംതിട്ട നിരത്ത് വിഭാഗം എക്സി. എൻജിനീയറോട് വിശദീകരണം തേടി. ജൽജീവൻ മിഷൻ കൈമാറിയ 47 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി 1420 മീറ്റർ ദൂരത്തിൽ തകർന്ന ഭാഗം പുനരുദ്ധരിക്കാൻ 1.47 കോടിയുടെ പുതിയ എസ്റ്റിമേറ്റാണ് തയാറാക്കിയത്.
മന്ത്രിയുടെ ഓഫിസ് ഇടപെട്ട് പ്രവൃത്തി വൈകിപ്പിച്ച കരാറുകാരനെ അടിയന്തരമായി ഒഴിവാക്കി പുതിയ ടെൻഡർ നടപടിയിലേക്ക് കടന്നത് സ്വാഗതാർഹമെന്നും ഇനിയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പുനരുദ്ധാരണം വൈകുന്ന പക്ഷം സമര പരിപാടികളിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ആർ. വസന്തകുമാർ, സെക്രട്ടറി എസ്. മുരളി കൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.