സിഗ്നൽ പ്രവർത്തിക്കുന്നില്ല; അപകട മുനമ്പായി പഴയതെരുവ്
text_fieldsകോഴഞ്ചേരി: പഴയതെരുവിൽ വീണ്ടും അപകടം. നേരത്തേ അപകട പരമ്പര നടന്ന ഇവിടെ സിഗ്നൽ വിളക്കുകൾ സ്ഥാപിച്ചതോടെയാണ് ഇത് കുറക്കാൻ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപെട്ടു. നാരങ്ങാനം റോഡിൽനിന്ന് സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ കയറുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഇപ്പോൾ സിഗ്നൽ പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു.
എന്നിട്ടും അധികാരികൾ മൗനത്തിലാണ്. സിഗ്നൽ ഇല്ലാത്തത് കാരണം വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. ആർക്കും യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതിയാണെന്ന് പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ പറഞ്ഞു. സിഗ്നൽ നിലച്ചിട്ടും ഇവിടേക്ക് ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡനെ നിയമിച്ചതുമില്ല. പൊതുമരാമത്തും പഞ്ചായത്തും പൊലീസും അവരുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്.
അപകടം പതിവായതോടെയണ് നിരന്തര സമരങ്ങൾക്കൊടുവിൽ ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് സിഗ്നൽ പ്രാവർത്തികമാക്കിയത്. കെൽട്രോൺ സ്ഥാപിച്ച സിഗ്നലിന്റെ നിർവഹണ ചുമതല ഗ്രാമപഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനുമാണ്.
സിഗ്നൽ ലൈറ്റ് നോക്കുകുത്തി; അപകടം ക്ഷണിച്ചു വരുത്തി സെൻട്രൽ ജങ്ഷൻ
മല്ലപ്പള്ളി: സെൻട്രൽ ജങ്ഷനിൽ ഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതോടെ ടൗണിൽ കൂടിയുള്ള ഗതാഗതം തോന്നിയ പോലെയായതിനാൽ അപകടസാധ്യതയും വർധിച്ചു.
പ്രധാന റോഡായ കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലാണെങ്കിലും സിഗ്നൽ ലൈറ്റ് നന്നാക്കാൻ അധികാരികൾ തയാറാകാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. കെ.എസ്.ആർ.ടി ചെയിൻ സർവിസും സ്വകാര്യ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ തിമിഷവും സെൻട്രൽ ജങ്ഷനിൽകൂടി കടന്നുപോകുന്നത്. ഇതിനു പുറമെ അമിതഭാരം കയറ്റിയ ടിപ്പറുകളുടെ മരണപ്പാച്ചിലും.
സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതിനാൽ ഇവർക്ക് തോന്നിയ പോലെ ടൗണിലൂടെ കടന്നുപോകാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. മറ്റ് ചെറു വാഹനങ്ങളും കാൽനടക്കാരും അപകടഭീതിയിലാണ് ജങ്ഷൻ കടക്കുന്നത്. താലൂക്ക് വികസന സമിതി യോഗങ്ങളിൽ നേരത്തേ സിഗ്നൽ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, നടപടി ഉണ്ടാകാതായതോടെ എല്ലാവരും പാടെ ഉപേക്ഷിച്ച നിലയിലായി. ഇതോടെ ടൗന്നിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.