നാരങ്ങാനത്ത് കാട്ടുപന്നി ശല്യം രൂക്ഷം
text_fieldsകോഴഞ്ചേരി: കാട്ടുപന്നി ശല്യം രൂക്ഷമായ നാരങ്ങാനത്ത് ജനജീവിതം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി ബൈക്കിലിടിച്ച് കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണൻ എന്ന യുവാവ് മരിച്ചിരുന്നു. കാട്ടുപന്നികളുടെ വിളയാട്ടത്തിൽ മനുഷ്യജീവൻ പൊലിഞ്ഞതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ്. നാരങ്ങാനം പഞ്ചായത്ത് പ്രദേശങ്ങളിൽ പകലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രിയിൽ റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. നൂറുകണക്കിന് കർഷകർ പഞ്ചായത്തിൽ കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. ചേന, വാഴ, കപ്പ, ഇഞ്ചി, കാച്ചിൽ തുടങ്ങിയ വിളകളെല്ലാം പന്നിക്കൂട്ടം കുത്തിമറിക്കുന്നതായി കർഷകർ പറയുന്നു.
പഞ്ചായത്തിലെ റബർ തോട്ടങ്ങൾ നിറയെ കാടാണ്. പലരും ടാപ്പിങ്ങും നിർത്തി. കാട് നീക്കംചെയ്യാൻ ആരും മുന്നോട്ടു വരുന്നില്ല.
കാട്ടുപന്നികളെ പിടികൂടി നശിപ്പിക്കാനും കാട് നീക്കം ചെയ്യാനും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കൃഷി പുനരാരംഭിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പ് അധികൃതർക്കും പഞ്ചായത്തിലും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പന്നി ശല്യത്തിന് തടയിടണമെന്ന് ആവശ്യപ്പെട്ട് നാരങ്ങാനം പഞ്ചായത്ത് ഓഫിസ് പടിക്കൽ പലതവണ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിസ്സംഗതയിൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്.
ഗത്യന്തരമില്ലാതെ കലക്ടറേറ്റിന് മുന്നിലും സമരവുമായി കർഷകർ എത്തിയിരുന്നു.
നിവേദനം നൽകി
പത്തനംതിട്ട: കാട്ടുപന്നി ശല്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കർഷക യൂനിയൻ ജില്ല കമ്മിറ്റിയും യൂത്ത് ഫ്രണ്ട് നാരങ്ങാനം മണ്ഡലം കമ്മിറ്റിയും പത്തനംതിട്ട എ.ഡി.എം എ.ഡി.എം ബി. രാധാകൃഷ്ണന് നിവേദനം നൽകി.
അപകടം നടന്നാൽ ആംബുലൻസ് യഥാസമയം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കർഷക യൂനിയൻ ജില്ല പ്രസിഡന്റ് ജോൺ വി. തോമസ്, യൂത്ത് ഫ്രണ്ട് ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത് വിഷ്ണു, മണ്ഡലം പ്രസിഡന്റ് അരുൺ തേക്കനാൽ, അനൂപ് കണ്ണാറയിൽ എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.