കടമ്മനിട്ടയിൽ യുവാക്കൾ ഏറ്റുമുട്ടി; വീടുകളും വാഹനങ്ങളും തകർത്തു
text_fieldsകോഴഞ്ചേരി: കടമ്മനിട്ടയിൽ ഇരുസംഘങ്ങളായി തിരിഞ്ഞ് യുവാക്കൾ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് വീടുകൾ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസിലായി കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 12 പ്രതികളുണ്ടെന്ന് ആറന്മുള പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ആറോളം വാഹനങ്ങളും തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും ആറന്മുള എസ്.എച്ച്.ഒ പറഞ്ഞു.
രണ്ടു സംഘങ്ങളിൽപെട്ട കടമ്മനിട്ട ആമപ്പാറക്കൽ മായക്കണ്ണൻ എന്ന നിതിൻ പ്രസാദ്, കടമ്മനിട്ട ഇളപ്പുങ്കൽ കുറ്റിയിൽ വീട്ടിൽ അനന്തു കുമാർ, പത്തനംതിട്ട വെട്ടിപ്പുറം തോമച്ചേരിയിൽ വീട്ടിൽ സച്ചിൻ സുരേഷ്, കടമ്മനിട്ട പൂവണ്ണുമൂട് പ്ലാക്കോട്ടു വീട്ടിൽ രഞ്ജിത് (കുട്ടു), കടമ്മനിട്ട മാർത്തോമ പള്ളിക്ക് സമീപം മുളന്തറ വീട്ടിൽ സോബിൻ ബാബു, കടമ്മനിട്ട കല്ലേലിമുക്ക് വഴിത്താനത്ത് തടത്തിൽ രാജേഷ് (പക്രു), കടമ്മനിട്ട ആമപ്പാറക്കൽ വീട്ടിൽ സനൽ (26) എന്നിവരാണ് അറസ്റ്റിലായത്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
ഈമാസം 18ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ കോളനി ഭാഗത്താണ് സംഘട്ടനം നടന്നത്. അന്ന് ഉച്ചയോടെ അയൽവാസികളും ബന്ധുക്കളുമായ സനലിനെയും കൂട്ടുകാരനെയും മായക്കണ്ണൻ എന്ന നിതിനും കൂട്ടുകാരും പത്തനംതിട്ട വെട്ടിപ്രത്ത് ദേഹോപദ്രവം ഏൽപിച്ചു. ചോദിക്കാൻ വീട്ടിലെത്തിയ സനലും സുഹൃത്തുക്കളും നിതിനെ ആക്രമിച്ചു. ഇതിനിടെ 22ാം തീയതി വൈകീട്ട് നിതിന്റെയും സനലിന്റെയും വീട്ടുകാർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. രാത്രി ഏഴോടെ സനലിന്റെ സുഹൃത്തുക്കൾ നിതിന്റെ സുഹൃത്തായ അനന്തുവിനെ വീട്ടിൽകയറി ആക്രമിച്ചു. വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. അനന്തു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. തുടർന്ന് അനന്തു, നിതിൻ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ ആറ് ബൈക്കുകളിലായി രാത്രി 11ഓടെ സനലിന്റെ വീട് ആക്രമിച്ചു. പിന്നീട് അനന്തുവിന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ സോബിന്റെ വീട്ടിലെത്തി ജനൽ ചില്ലകളും ഓട്ടോറിക്ഷയും മറ്റും അടിച്ചുതകർത്തു.
സി.പി.ഐ കല്ലേലി ബ്രാഞ്ച് സെക്രട്ടറി കടമ്മനിട്ട ബാബുജി, ആമപ്പാറക്കൽ വീട്ടിൽ നിതിൻ പ്രസാദ് (മായക്കണ്ണൻ), ആമപ്പാറക്കൽ വീട്ടിൽ ശാന്ത, കടമ്മനിട്ട ഇളപുങ്കൽ കുറ്റിയിൽ വീട്ടിൽ അനന്തു കുമാർ എന്നിവരുടെ പരാതി പ്രകാരമാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഏഴുപേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.