തിരുവോണത്തോണിക്ക് ആറന്മുള ക്ഷേത്രക്കടവിൽ വരവേൽപ്
text_fieldsകോഴഞ്ചേരി: പാർഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽനിന്ന് ഉത്രാട സന്ധ്യയിൽ പുറപ്പെട്ട തിരുവോണത്തോണിക്ക് തിരുവോണ പുലർച്ച ആറന്മുള ക്ഷേത്രക്കടവിൽ ആചാരപരമായ സ്വീകരണം നൽകി. മങ്ങാട്ട് ഭട്ടതിരിക്ക് പിന്നാലെ കാട്ടൂരിലെ 18 നായർ കുടുംബ പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിലേക്കുള്ള ദീപവുമായി തോണിയിലുണ്ടായിരുന്നു.
ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ തോണിയിലെ 18 നായർ കുടംബ പ്രതിനിധികളും അകമ്പടി സേവിച്ച അഞ്ച് പള്ളിയോടങ്ങളിലെ കരനാഥന്മാരും ഏറെ ബുദ്ധിമുട്ടിയാണ് ആറന്മുളയിൽ എത്തിച്ചത്. കാട്ടൂർ, ചെറുകോൽ, ഇടപ്പാവൂർ, കീക്കൊഴൂർ-വയലത്തല പള്ളിയോടങ്ങൾ തോണിക്ക് അകമ്പടി സേവിച്ചു. വാഴക്കുന്നം നീർപ്പാലം മുതൽ തോണി ഉറച്ച സ്ഥലങ്ങളിൽ നദിയിലിറങ്ങി തോണി കയർ കെട്ടി വലിച്ചാണ് ജലനിരപ്പ് താഴ്ന്ന സ്ഥലങ്ങൾ കടത്തിവിട്ടത്. തിരുവോണനാളിലെ അതി പുലർച്ച കൈപ്പുഴ കയംതാങ്ങിയിലെത്തിയ തോണിയെ സ്വീകരിക്കാൻ പാർഥസാരഥിയുടെ 42ഓളം പള്ളിയോടങ്ങൾ എത്തിച്ചേർന്നിരുന്നു.
ആറന്മുള ക്ഷേത്രക്കടവിൽ തോണിയെത്തിയപ്പോൾ മേൽശാന്തി കെടാവിളക്കിലെ ദീപം അണച്ച് കാത്തുനിന്നു. മങ്ങാട്ട് അനൂപ് നാരായണൻ ഭട്ടതിരി കാട്ടൂരിൽനിന്ന് വാങ്ങിയ ദീപം ആറന്മുള ക്ഷേത്ര മേൽശാന്തി സ്വീകരിച്ചു. ഇതോടെ തിരുവാറന്മുളയപ്പനുള്ള തിരുവോണ സദ്യവട്ടം ആരംഭിച്ചു. ഓണസദ്യ കഴിക്കാനും ഭഗവാന്റെ ദർശനത്തിനുമായി നൂറുകണക്കിന് ഭക്തർ ക്ഷേത്രമതിലകത്തേക്ക് തിരുവോണനാളിൽ എത്തിച്ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.