നീർപക്ഷി കൂടുകളുടെ കണക്കെടുത്തു
text_fieldsകോഴഞ്ചേരി: നീര്‍പക്ഷികള്‍ കൂട്ടമായി കൂടുകൂട്ടുന്ന കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് ജില്ലയിൽ പൂര്‍ത്തീകരിച്ചു. നാട്ടിൽ സ്ഥിരവാസികളായ വിവിധ തരത്തിലുള്ള നീർപക്ഷികൾ കൂട്ടമായി കൂടുകൂട്ടുന്നതാണ് കൊറ്റില്ലം.
ജൂൺ- ജൂലൈ മാസങ്ങളിൽ കൂടുകൂട്ടി തുടങ്ങി സെപ്റ്റംബർ-ഒക്ടോബറിൽ അവസാനിക്കുന്നതാണ് ഈ കാലം. കേരളത്തിലെ സ്ഥിരവാസികളായ വെള്ളരിക്കൊക്കുകൾ, നീര്‍ക്കാക്കകൾ, ഹെറോണുകൾ എന്നിവയെല്ലാം കൂടി ഒരുമിച്ചാണ് ഇത്തരം സങ്കേതങ്ങളിൽ കൂടുകൂട്ടുന്നത്.
2014 മുതൽ എല്ലാ വര്‍ഷവും എല്ല ജില്ലകളിലും കൊറ്റില്ലങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവിടെ കണക്കെടുപ്പ് നടത്തി വരുന്നു. കേരള വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷിപഠനരംഗത്തെ സംഘടനകളാണ് സംസ്ഥാനത്ത് സർവേ നടത്തുന്നത്.
ശാസ്ത്രീയ അപഗ്രഥനം
ഏതൊക്കെ ജാതിയിൽപെട്ട പക്ഷികളാണ് കൂടുകൂട്ടുന്നത്, അവ ഏതു മരങ്ങളാണ് തെരഞ്ഞെടുക്കുന്നത്, ഓരോ ഇനത്തിന്റെയും എത്ര കൂടുകളുണ്ട്, പക്ഷികളുടെ എണ്ണം, കൊറ്റില്ലത്തിന്റെ സ്ഥാനം തുടങ്ങിയ വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് അപഗ്രഥനത്തിനു വിധേയമാക്കുന്നു. ഇങ്ങനെ കണ്ടെത്തുന്നവ വന്യജീവി സംരക്ഷണ രംഗത്ത് നയരൂപത്കരണത്തിന് പ്രയോജനപ്പെടുത്തുന്നു.
ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സാണ് ജില്ലയിൽ കണക്കെടുപ്പ് നടത്തിയത്. പത്തനംതിട്ട ബേഡേഴ്സ് കോഓഡിനേറ്റർ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം, എന്നിവരുടെ നേതൃത്വത്തിൽ പക്ഷിനിരീക്ഷകരായ റോബിൻ സി. കോശി, സിയാദ് കരീം, അരുൺ സിങ് എന്നിവരുമടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തിയത്.
എല്ലാ ജില്ലകളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാന കോഓഡിനേറ്ററായ ഡോ. റോഷ്നാഥ് രമേശ് ക്രോഡീകരിച്ച് സംസ്ഥാനതലത്തിൽ ശാസ്ത്രീയമായ റിപ്പോര്‍ട്ട് തയാറാക്കി വനം വകുപ്പിന് കൈമാറും.
490 കൂടുകൾ
ജില്ലയിലെ പ്രധാനപ്പെട്ട കൊറ്റില്ലങ്ങളായ പന്തളം, പഴകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ സർവേ നടന്നു. പന്തളം കൊറ്റില്ലത്തിൽനിന്ന് ആറ് മരങ്ങളിലായി ഏഴ് ജാതി പക്ഷികളുടെ 301 കൂടും പഴകുളം തെങ്ങുംതാര ഭാഗത്തുള്ള കൊറ്റില്ലത്തിൽ ഏഴ് മരങ്ങളിലായി ആറ് ജാതി പക്ഷികളുടെ 80 കൂടും പത്തനംതിട്ട വെട്ടിപ്പുറം ജങ്ഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലായി കാണുന്ന ഹെറോണറിയിൽ 10 മരങ്ങളിലായി ആറ് ജാതി പക്ഷികളുടെ 109 കൂടും കണ്ടെത്തി.
പന്തളം ഹെറോണറിയിൽ ചിറകുമുളച്ച അവസ്ഥയിലുള്ളവയാണ് കൂടുതലും. എന്നാൽ, മറ്റു കൊറ്റില്ലങ്ങളിലാവട്ടെ മുട്ടക്ക് അടയിരിക്കുന്നവയും. ചിറകുമുളക്കാത്ത കുഞ്ഞുങ്ങളോടു കൂടിയവയുമായ കൂടുകളാണ് നിരീക്ഷിക്കപ്പെട്ടത്. പെരുമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, കൊച്ചുനീര്ക്കാക്ക, കിന്നരി നീര്‍ക്കാക്ക, ചേരക്കോഴി എന്നിവയാണ് ഈ മൂന്നു കൊറ്റില്ലങ്ങളിലുമായി കൂടുകൾ ഒരുക്കിയിരിക്കുന്നത്.
പാതിരാക്കൊക്ക് പത്തനംതിട്ടയിൽ
പാതിരാക്കൊക്ക് പത്തനംതിട്ട കൊറ്റില്ലത്തിൽ മാത്രമാണുള്ളത്. വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി പന്തളം ഹെറോണറിയിൽ മാത്രവും. മുൻകാലങ്ങളിൽ മുന്നൂറിലധികം കൂടുകളുണ്ടായിരുന്ന ഇവിടെ ഇത്തവണ ചേരക്കോഴിയുടെ 137 കൂട് മാത്രമാണ് കാണാൻ സാധിച്ചത്. പന്തളം മാര്‍ക്കറ്റ് റോഡിലെ വലിയ മരം മുറിച്ചതാകാം കാരണമെന്ന് നിരീക്ഷകർ പറഞ്ഞു.
എലിയെ പേടിച്ച് ഇല്ലം ചുടരുത്
നീര്‍ത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം നിലനിര്‍ത്തുന്നതിൽ നീർപക്ഷികളുടെ പങ്ക് വളരെ വലുതാണെന്നും നീര്‍പക്ഷികളുടെ നിലനിൽപിന് അവയുടെ പ്രജനനകേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം പ്രജനനകേന്ദ്രങ്ങളിലെ പക്ഷിക്കാഷ്ഠത്തിന്റെ ശല്യമുണ്ടെന്ന് പറഞ്ഞ് കൂടുകളുള്ള മരങ്ങൾ വെട്ടിക്കളഞ്ഞ് ‘എലിയെ പേടിച്ച് ഇല്ലം ചുടുന്ന’ പ്രവര്‍ത്തനങ്ങളാണ് കേരളീയർ നടത്തുന്നതെന്നും പത്തനംതിട്ട ബേഡേഴ്സ് കോഓഡിനേറ്റർ ഹരി മാവേലിക്കര പറഞ്ഞു.
ജാമ്യമില്ല
പക്ഷികളുടെ കൂടുകൾ നശിപ്പിക്കുക, കുഞ്ഞുങ്ങളെ കൊല്ലുക, കൂടുകൂട്ടിയ മരങ്ങൾ വെട്ടിമാറ്റുക എന്നിവ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.