കെ.പി.സി.സി സമരാഗ്നി പ്രക്ഷോഭ യാത്ര; പ്രതിപക്ഷത്തിന് മുമ്പിൽ പരാതിക്കെട്ടഴിച്ച് ജനം
text_fieldsപത്തനംതിട്ട: കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി തിങ്കളാഴ്ച പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജനകീയ ചർച്ചയിൽ പരാതിയുടെ ഭാണ്ഡകെട്ടഴിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ. ജാഥ നയിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർക്ക് മുമ്പാകെയാണ് സർക്കാറുകളിൽനിന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾ അവതരിപ്പിച്ചത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പരാതികൾക്ക് ഉചിത പരിഹാരങ്ങൾക്ക് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ ഉറപ്പുനൽകി. സാമൂഹ്യ ക്ഷേമപെന്ഷന് ലഭിക്കാത്തവര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വന്യമൃഗ ആക്രമണത്തിന്റെ ഇരകള്‍, വേതനം ലഭിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയായവർ, റബർ കർഷകർ, ചെങ്ങറ സമരക്കാർ, പട്ടയം ലഭിക്കാതെ വിഷമിക്കുന്നവർ, വിദ്യാർഥികൾ തുടങ്ങിയവരാണ് വിഷയങ്ങൾ അവതരിപ്പിച്ചത്.
സി.പി.എം പ്രവർത്തകനായിരുന്ന പെരുനാട് മഠത്തുംമൂഴി സ്വദേശി കൂനംകര മേലേതിൽ എം.എസ് ബാബുവിന്റെ വിധവ കുസുമകുമാരിയാണ് ഭർത്താവിന്റെ മരണത്തിൽ നീതി ലഭിച്ചില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ വീടിന് മുന്നിൽ സ്വന്തം ഭൂമി ഭീഷണിപ്പെടുത്തി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ബലമായി ഏറ്റെടുക്കാനും ഒറ്റപ്പെടുത്താനുമുള്ള നീക്കമാണ് ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുസുമ കുമാരി പറഞ്ഞു.
തനിക്ക് നേരെയുണ്ടായ നീതികേടുകൾ കുറിച്ച് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിൽ എസ്.എഫ്.ഐ നേതാക്കളുടെ അക്രമത്തിന് ഇരയായ വിദ്യാർഥിനി അവതരിപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പ്രതിയായ കേസിൽ നീതിയുടെ പക്ഷത്തല്ല പൊലീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തങ്ങൾ ഇരുവരും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ വന്ന് കുത്തിയിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വിഷയം കോൺഗ്രസിന്റെ യുവജന- വിദ്യാർഥി സംഘടനകൾ ഏറ്റെടുക്കണമെന്നും സതീശൻ നിർദേശിച്ചു. കോയിപ്പുറത്ത് നിന്നെത്തിയ തങ്കമ്മക്കും പര സഹായത്താൽ റാന്നിയിൽ നിന്ന് വന്ന ശാന്തകുമാരിക്കും തുടങ്ങി പല വയോധികർക്കും പറയാനുണ്ടായിരുന്നത് സാമൂഹ്യ ക്ഷേമ പെൻഷൻ എത്രയൂം പെട്ടെന്ന് വാങ്ങിത്തരണമെന്നായരുന്നു. സിൽവർലൈൻ പദ്ധതി പിൻവലിച്ച് വിജ്ഞാപനം ഇറക്കുന്നതുവരെ സമരത്തിനൊപ്പമുണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരസമിതിക്ക് ഉറപ്പുനൽകി. ഏതെങ്കിലും സാഹചര്യത്തിൽ കേന്ദ്രസർക്കാർ അനുമതി നൽകിയാലും കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയത് മുതൽ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സമരസമിതി നേതാക്കൾ അറിയിച്ചു.
കെ -റെയിൽ- സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ മുരുകേഷ് നടയ്ക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആർ. പ്രസാദ് ഇരവിപേരൂർ, വർഗീസ് ആറാട്ടുപുഴ, റിജോ മാമൻ, ജില്ല കമ്മിറ്റി അംഗം രാധ എം നായർ എന്നിവർ പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു സ്വാഗതം പറഞ്ഞു. സജീവ് ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ടി. സിദ്ദിഖ് എം.എൽ.എ, പന്തളം സുധാകരൻ, ദീപ്തി മേരി വർഗീസ്, എ.എ. ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.