വില്ലനായി റോഡിലെ വളവുകൾ; കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്ക്
text_fieldsകലഞ്ഞൂർ: കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് 12ഓടെ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡിറി സ്കൂളിന് സമീപമായിരുന്നു അപകടം.രോഗിയായ അച്ചൻകോവിൽ പ്രജിതാഭവിൽ ഉഷന്ത് കുമാർ(60), ഭാര്യ ശോഭന (56), പത്തനംതിട്ട കൊല്ലശ്ശേരിൽ വീട്ടിൽ ബാലൻ (49), ആംബുലൻസ് ഡ്രൈവർ താന്നിനിൽക്കുന്നതിൽ മിഥുൻ (26), കെ.എസ്.ആർ.ടി.സി ഡ്രൈവർ തൊടുപുഴ മൂലക്കാട് ഉപ്പുകുന്ന് കളീലിൽ സിജോ (44), യാത്രക്കാരായ കടമ്മനിട്ട ശാന്തിയിൽ വീട്ടിൽ ശുഭ, പാലക്കാട് മുണ്ടൂർ സ്വദേശി ലത, പുന്നല സ്വദേശി മുരുകൻ എന്നിവർക്കാണ് പരിക്കേറ്റത്.
ആംബുലൻസിൽ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് രോഗിയുമായി പോയ ആംബലുൻസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. ബസ് നടപ്പാതയിലെ വേലിയിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ മിഥുൻ, ആബുലൻസിലുണ്ടായിരുന്ന രോഗി ഉഷ നന്ദൻ, ഭാര്യ ശോഭന എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാലൻ, ലത, അജിത, രാജമ്മ, മുരുകൻ എന്നിവരെ പത്തനാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ ഡ്രൈവറുൾപ്പെടെ ആംബുലൻസിൽ വന്ന നാലുപേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ വാരിയെല്ലുകൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ രോഗിക്ക് ഒപ്പമുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു.
പത്തനാപുരം ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയത്ത് ബസിന്റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമെന്ന് അറിയുന്നു. പൊലീസും നാട്ടുകാരും യാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.സ്ഥിരം അപകടമേഖലയാണ് കലഞ്ഞൂർ സ്കൂൾ ജങ്ഷൻ എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ വളവാണ് അപകടക്കെണിയാവുന്നത്.
നിർമാണത്തിലെ അശാസ്ത്രീയതാണ് അപകടകാരണമെന്നും പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കമെന്നും നിന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തവരാണ് അപകടത്തിൽപെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.