കെ.എസ്.ആർ.ടി.സി: ഓണക്കാലത്ത് വൻ വരുമാനം; മാറാതെ ദാരിദ്ര്യം
text_fieldsപത്തനംതിട്ട: ഓണക്കാലത്ത് റെക്കോഡ് വരുമാനം നേടി കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ഡിപ്പോകൾ. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ രണ്ടുകോടിയോട് അടുത്താണ് വരുമാനമായി കിട്ടിയത്. അതേസമയം, ജീവനക്കാർക്ക് വേതനം നൽകുന്നതിൽ ഉൾപ്പെടെ അതിദാരിദ്ര്യത്തിലാണ് സ്ഥാപനം.
ഓണക്കാലത്തെ എല്ലാ ദിവസവും 30 ലക്ഷത്തിന് മുകളിലാണ് ലഭിച്ച വരുമാനം. പത്തനംതിട്ട, തിരുവല്ല, അടൂർ, മല്ലപ്പള്ളി, റാന്നി, കോന്നി, പന്തളം തുടങ്ങിയ കേന്ദ്രങ്ങളിൽ ഓണക്കാലത്ത് വൻ വരുമാന വർധനയുണ്ടായി. പത്തനംതിട്ട ഡിപ്പോയിൽ ആഗസ്റ്റ് 25ന് 11 ലക്ഷം, 26ന് 12.76 ലക്ഷം, 27ന് 13 ലക്ഷം, 28ന് 12.30 ലക്ഷം, 29ന് 10.30 ലക്ഷം, 30ന് 13 ലക്ഷം, 31ന് 14 ലക്ഷം, സെപ്റ്റംബർ ഒന്നിന് 13.75 ലക്ഷം എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്. 10 ലക്ഷമാണ് ഡിപ്പോക്ക് നിശ്ചയിച്ച പ്രതിദിന വരുമാന ടാർജറ്റ്.
ഓർഡിനറി- ദീർഘദൂര സർവിസുകളും എല്ലാം ചേർന്നാണ് ഇത്രയും വരുമാനം നേടിയെടുത്തത്. അടുത്തിടെ പുനരാരംഭിച്ച പത്തനംതിട്ട-വഴിക്കടവ്, പത്തനംതിട്ട-തിരുനെല്ലി, പത്തനംതിട്ട-മംഗലാപുരം സർവിസുകളെല്ലാം മികച്ച വരുമാനം നേടി. വൈറ്റില, തിരുവനന്തപുരം, തൃശൂർ സർവിസിനും മികച്ച വരുമാനം ലഭിച്ചു.
പത്തനംതിട്ടയിൽനിന്ന് ബംഗളൂരു, മംഗലാപുരം, മൈസൂരു, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്റ്റ് എ.സി സർവിസിനും നല്ല വരുമാനമാണ് ലഭിച്ചത്. പത്തനംതിട്ടയിൽനിന്ന് ബംഗളൂരു, മംഗലാപുരം, മൈസൂരു, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്റ്റ് എ.സി സർവിസിന് മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ പ്രതിദിന വരുമാനത്തിലും കെ.എസ്.ആർ.ടിസി റെക്കോഡ് വരുമാനം കൊയ്തു.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ സെപ്റ്റംബർ നാലിന് 8.79 കോടിയാണ് കോർപറേഷന്റെ മൊത്ത വരുമാനം എത്തിയത്. കഴിഞ്ഞ ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടിയെ മറികടന്നു. ജില്ല ഉൾപ്പെടുന്ന ദക്ഷിണ മേഖലക്ക് നൽകിയ ലക്ഷ്യവും മറികടന്നു. വൻ വരുമാന വർധനയിലും ഓണത്തിനുപോലും തങ്ങളെ പട്ടിണിയിലാക്കിയത് എന്തുകൊണ്ടാണെന്ന് ജീവനക്കാർ ചോദിക്കുന്നു. കെ.എസ്.ആർ.ടിസിയിൽ സ്വതന്ത്ര ഓഡിറ്റിങ് വേണമെന്ന് യൂനിയൻ നേതാക്കളും ആവശ്യപ്പെടുന്നു.
ജീവനക്കാരുടെ ക്ഷാമം, കുറഞ്ഞ വേതനം: പ്രതിസന്ധിയേറെ
ജീവനക്കാരുടെ ക്ഷാമം ഡിപ്പോകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സ്വിഫ്റ്റ് ബസിലടക്കം ജീവനക്കാരുടെ ക്ഷാമമുണ്ട്. ഇത് പരിഹരിച്ചാൽ കുറച്ചുകൂടി വരുമാനം നേടാൻ കഴിയും. സ്വിഫ്റ്റ് സർവിസുകളിലെ ജോലി ദിവസവേതനാടിസ്ഥാനത്തിലാണ്. കുറഞ്ഞ വേതനം കാരണം പലരും പിന്നീട് ഒഴിഞ്ഞുപോയിട്ടുണ്ട്. ഇതോടെ ദീർഘദൂര സർവിസുകളും ഓർഡിനറികളും ഓടിക്കുന്നവരെക്കൊണ്ട് സ്വിഫ്റ്റ് ഓടിക്കേണ്ടി വരുന്നു.
നേരത്തേ ദിവസം 74 ഷെഡ്യുൾ വരെയുണ്ടായിരുന്ന പത്തനംതിട്ട ഡിപ്പോയിൽ ഇപ്പോൾ 60-65 വരെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.