കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ; ചെയിൻ സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsപത്തനംതിട്ട: കോവിഡിനെ തുടർന്ന് കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ നിർത്തിവെച്ച ചെയിൻ സർവിസുകൾ രണ്ടു വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. സർവിസുകൾ തുടങ്ങാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശം നൽകി.
ചെങ്ങന്നൂർ, തിരുവല്ല, പുനലൂർ-മുണ്ടക്കയം സർവിസുകൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പ്രതിദിനം 14,000 മുതൽ 17,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവിസുകളാണ് നിലച്ചത്. കോവിഡ് കാലത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ 12 ബസുകൾ അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയിൽ തിരികെയെത്തിക്കും.
സംസ്ഥാനത്ത് കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. പ്രതിദിനം 13.5 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഇത് 21 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
സർവിസുകൾ മുടങ്ങിയതിനെ തുടർന്ന് ചെങ്ങന്നൂർ, പുനലൂർ, മുണ്ടക്കയം റൂട്ടുകളിൽ യാത്രാക്ലേശം തുടരുകയാണ്. ഡിപ്പോയിൽ ലഭിച്ച പരാതികൾ ഡി.ടി.ഒ തോമസ് മാത്യു ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ചെയിൻ സർവിസുകൾ പുനരാരംഭിക്കാൻ നടപടിയായത്.
പത്തനംതിട്ട-ചെങ്ങന്നൂർ, പത്തനംതിട്ട-തിരുവല്ല, പത്തനംതിട്ട-പുനലൂർ-മുണ്ടക്കയം എന്നിവയാണ് ഉടൻ തുടങ്ങുന്നത്. പത്തനംതിട്ട ഡിപ്പോയിൽ 73 ബസുകൾ 66 സർവിസ് നടത്തുന്നുണ്ട്.
പത്തനംതിട്ട-തിരുനെല്ലി സൂപ്പർ ഡീലക്സ് സർവിസ് കഴിഞ്ഞ ദിവസം മുതൽ സൂപ്പർ ഫാസ്റ്റായി സർവിസ് നടത്തിത്തുടങ്ങി. സൂപ്പർ ഡീലക്സിൽനിന്ന് വരുമാനം കുറഞ്ഞതിനെ തുടർന്നാണ് സൂപ്പർ ഫാസ്റ്റാക്കിയത്. ദിവസവും വൈകീട്ട് അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെടും. തിരുനെല്ലിയിൽനിന്ന് വൈകീട്ട് മൂന്നിന് തിരിച്ചും പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.