ഓണക്കാലത്ത് നേട്ടം കൊയ്ത് കുടുംബശ്രീ കൂട്ടായ്മകൾ
text_fieldsപത്തനംതിട്ട: ഓണക്കാലത്ത് നേട്ടം കൊയ്ത് കുടുംബശ്രീ. സ്ത്രീകളുടെ വിവിധ കുടുംബശ്രീ കൂട്ടായ്മകൾ അവരുടെ വിവിധ സംരംഭങ്ങളിലൂടെ 68.10 ലക്ഷം രൂപയാണ് നേടിയെടുത്തത്.
പത്തനംതിട്ടയിൽ നടന്ന ഓണം സംസ്ഥാന വിപണന മേളയിൽനിന്ന് മാത്രം 18.54 ലക്ഷം രൂപ കുടുംബശ്രീ നേടി. സംസ്ഥാന വിപണനമേളയോടൊപ്പം ജില്ലയിലെ 58 സി.ഡി.എസുകളിലായി ഓണച്ചന്തകളും ആരംഭിച്ചിരുന്നു. ഒരു പഞ്ചായത്തിൽ രണ്ട് ഓണച്ചന്തകളും നഗരസഭകളിൽ നാല് ഓണച്ചന്തകളുമാണ് ഉണ്ടായിരുന്നത്.
പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പറക്കോട്, പന്തളം, ഇലന്തൂർ ബ്ലോക്കുകളിലും ഓണച്ചന്തകൾ നടന്നു. ഇടത്തരം മൂല്യവർധിത യൂനിറ്റുകൾ (ജെ.എൽ.ജി) വഴി 19,43,139 രൂപ ലഭിച്ചപ്പോൾ സൂക്ഷമ സംരംഭങ്ങൾ വഴി 44,21,889 രൂപയും കുടുംബശ്രീക്ക് ലഭിച്ചു. സംസ്ഥാന മേളയിലെ ഫുഡ് കോർട്ടിൽനിന്ന് 4,52,710 രൂപയും ഇടത്തരം മൂല്യ വർധിത യൂനിറ്റുകൾ (ജെ.എൽ.ജി) വഴി 13,28,334 രൂപയും സൂക്ഷ സംരംഭങ്ങൾ വഴി 73,066 രൂപയും നേടാനായി.
ഇതു കൂടാതെ ഓണത്തോടനുബന്ധിച്ച് നടത്തിയ ബന്ദിപ്പൂക്കളുടെയും പച്ചക്കറിയുടെയും കൃഷി കുടുംബശ്രീക്ക് വലിയ ലാഭം നേടിക്കൊടുത്തു. 55.8 ഏക്കറിൽ നട്ട പൂകൃഷിയിൽനിന്ന് മാത്രം ഇതുവരെ എട്ട് ലക്ഷം രൂപ ലഭിച്ചു. പച്ചക്കറിക്ക് 61.5 ഏക്കറിൽ 22.3 ലക്ഷം നേടി. ഓണത്തിനാണ് ഏറ്റവും കൂടുതൽ കൃഷി ലാഭകരമായത്. പയർ, പാവൽ, മത്തൻ, കുരുമുളക്, വെള്ളരി, പടവലം, വഴുതന എന്നീ പച്ചക്കറികളാണ് കുടുംബശ്രീയിലെ സംഘകൃഷി ഗ്രൂപ്പുകൾ കൃഷി ചെയ്തിരുന്നത്. ഏത്തവാഴകൃഷിയും വലിയ രീതിയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.