കുമ്പഴ സ്കീം; അന്തിമരൂപം നൽകാൻ നഗരസഭ കൗൺസിൽ യോഗം ഇന്ന്
text_fieldsപത്തനംതിട്ട: മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പ്രസിദ്ധീകരിച്ച കുമ്പഴ സ്കീമിന് അന്തിമ രൂപം നൽകാൻ പത്തനംതിട്ട നഗരസഭ കൗൺസിൽ യോഗം ചൊവ്വാഴ്ച ചേരും. പത്തനംതിട്ട നഗരത്തിൽ അഞ്ച് സ്കീമുകളാണ് നിലവിലുള്ളത്. 1984 മുതൽ നിലവിൽ ഉണ്ടായിരുന്ന കുമ്പഴ സ്കീം 2024 ജനുവരി മാസത്തിൽ നഗരസഭ കൗൺസിൽ പുതുക്കി പ്രസിദ്ധീകരിച്ചു. കുമ്പഴ ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമിക്കാൻ പഴയ സ്കീം പ്രകാരം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി നിർമിക്കുന്ന കെട്ടിടത്തോട് ചേർന്ന് പരമാവധി 750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാണിജ്യ നിർമാണങ്ങളെ അനുവദിച്ചിരുന്നുള്ളൂ.
പൊതു ആവശ്യങ്ങൾക്കായുള്ള നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. പുതുക്കി പ്രസിദ്ധീകരിച്ച സ്കീം അനുസരിച്ച് കെട്ടിട നിർമാണങ്ങൾക്കായി മുമ്പ് തിരുവനന്തപുരത്തുള്ള മുഖ്യ നഗരസൂത്രകൻ നൽകേണ്ടിയിരുന്ന അനുമതി ഇപ്പോൾ നഗരസഭാ സെക്രട്ടറിക്കും ജില്ല നഗര ആസൂത്രകനും നൽകാം. പുതുക്കിയ സ്കീം പ്രകാരം കുമ്പഴയിലും പരിസരപ്രദേശങ്ങളിലുമുള്ള ഭൂമിയുടെ കൂടുതൽ ഭാഗങ്ങളും എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും അനുവദിക്കുന്ന മിക്സഡ് സോണാക്കി മാറ്റി. കഴിഞ്ഞ 40 വർഷമായി കുമ്പഴ നിവാസികളുടെ ഉന്നയിച്ച ആവശ്യങ്ങൾക്കാണ് പുതിയ സ്കീം പ്രസിദ്ധീകരിച്ചതോടെ പരിഹാരമാകുന്നത്.
കുമ്പഴയെ നഗരത്തിന്റെ വിനോദ വാണിജ്യ കവാടമാക്കാൻ ആണ് കൗൺസിൽ ആലോചിക്കുന്നത്. ഈ നിലയിൽ കുമ്പഴ നിവാസികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച സ്കീമിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് കൗൺസിൽ യോഗം ചേരുന്നത്. ആക്ഷേപങ്ങൾ നൽകിയ എല്ലാവരെയും നേരിൽ കേട്ടു.
നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി. ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നേരിൽ ജനങ്ങൾക്ക് മനസ്സിലാക്കാനും തെറ്റിദ്ധാരണകൾ മാറ്റാനും കൗൺസിൽ യോഗത്തിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം നൽകുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.