ഒറ്റപ്പെട്ട് കുറുമ്പന്മൂഴിയും അറയാഞ്ഞിലിമണ്ണും
text_fieldsവടശ്ശേരിക്കര: പുറംലോകവുമായി ബന്ധപ്പെടാനാകാതെ വനമധ്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമങ്ങളായ കുറുമ്പന്മൂഴിക്കും അറയാഞ്ഞിലിമണ്ണിനും ദുരിതമൊഴിയുന്നില്ല. നാറാണംമൂഴി പഞ്ചായത്തിലെ വനമേഖലയിൽ ഒറ്റപ്പെട്ട കുറുമ്പന്മൂഴി ഗ്രാമത്തിനും പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമൺ ഗ്രാമത്തിനുമാണ് ഈ ദുർഗതി.
പമ്പാനദിയിൽ നേരിയതോതിൽ വെള്ളം ഉയർന്നാൽപോലും ഈ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കോസ്‌വേകൾ മുങ്ങിപ്പോകും. സമീപ കാലത്തായി തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകുന്ന കുറുമ്പന്മൂഴിയിലും മലവെള്ളപ്പാച്ചിലും വന്യമൃഗശല്യവും ഏറെയുള്ള അറയാഞ്ഞിലിമണ്ണിലും താമസിക്കുന്നവർക്ക് ഒരു അത്യാഹിതം ഉണ്ടായാൽപോലും പുറംലോകത്തേക്കെത്താൻ കഴിയാത്ത അവസ്ഥയാണ്.
കോസ്‌വേ മുങ്ങുന്നതോടെ മറുകരയിലെത്താൻ അറയാഞ്ഞിലിമണ്ണിനെയും ഇടകടത്തിയെയും ബന്ധിപ്പിച്ച് ഉയരംകൂടിയ ഇരുമ്പുപാലം ഉണ്ടായിരുന്നെങ്കിലും 2018ലെ മഹാപ്രളയത്തിൽ അത് ഒലിച്ചുപോയിരുന്നു. പിന്നീട് വർഷാവർഷം മഴക്കാലമാകുമ്പോൾ ഇവിടെ പാലം പണിയുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപനം നടത്താറുണ്ടെങ്കിലും നാളിതുവരെ നടപടി ആയിട്ടില്ല.
ജനപങ്കാളിത്തത്തോടെ കുറുമ്പന്മൂഴിയെയും കണമല-റാന്നി തീരദേശ പാതയെയും ബന്ധിപ്പിച്ച് കോസ്‌വേ നിർമിച്ചിരുന്നെങ്കിലും പെരുന്തേനരുവി ജലസംഭരണി വന്നതോടെ ഇത് മഴക്കാലം തുടങ്ങുമ്പോൾത്തന്നെ മുങ്ങിപ്പോകും. ഇവിടെയുള്ളവർക്ക് പുറംലോകത്തെത്തണമെങ്കിൽ കാട്ടിലെ തകർന്ന ജീപ്പ് റോഡ് വഴി സഞ്ചരിച്ച് പെരുന്തേനരുവി ഡാമിന് മുകളിൽകൂടി മാത്രമേ കഴിയൂ.
കുറുമ്പന്മൂഴിയെയും പെരുന്തേനരുവിയെയും ബന്ധിപ്പിക്കുന്ന വനപാതയും കുറുമ്പന്മൂഴിയെയും അറയാഞ്ഞിലിമണ്ണിനെയും ബന്ധിപ്പിക്കുന്ന വനപാതയും നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.