കുറുമ്പൻമൂഴി കോസ്വേ; മറുകര കടക്കുന്നത് ജീവൻ പണയംവെച്ച്
text_fieldsവടശ്ശേരിക്കര: പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒറ്റപ്പെട്ട കുറുമ്പൻമൂഴി ഗ്രാമവാസികൾ മുങ്ങിക്കിടക്കുന്ന കോസ്വേയിൽ കൂടി മറുകര കടക്കുന്നത് ജീവൻ പണയപ്പെടുത്തി. മൂന്നുവശവും വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽനിന്നും പുറത്തുകടക്കാൻ വഴിയില്ലാതെ വന്നതോടെയാണ് വെള്ളം കയറിക്കിടക്കുന്ന കോസ്വേ വഴി നാട്ടുകാർ മറുകര കടക്കുന്നത്. കനത്ത മഴയിൽ കലങ്ങിമറിഞ്ഞ പമ്പാനദി കോസ്വേ പൂർണമായി മുക്കിയ വെള്ളിയാഴ്ച അവധി ദിവസമായിരുന്നതിനാൽ വിദ്യാർഥികളും ഉദ്യോഗാർഥികളുമൊക്കെ ഗ്രാമത്തിൽതന്നെ കഴിച്ചുകൂട്ടിയെങ്കിലും തൊട്ടടുത്ത ദിവസമായ ശനിയാഴ്ചയായതോടെ പുറത്തേക്കു പോകാതെ നിർവാഹമില്ലാതെ വന്നു.
ഇതോടെയാണ് ഭാഗികമായി മുങ്ങിക്കിടക്കുന്ന കോസ്വേ വഴി നാട്ടുകാർ കടന്നുപോയത്. ജലനിരപ്പ് താഴ്ന്നുവെങ്കിലും കോസ്വേയുടെ സ്ലാബുകൾ മൂടിക്കിടക്കുന്ന നിലയിൽത്തന്നെയായിരുന്നു. കൈവരിയില്ലാതെ വഴുതിക്കിടക്കുന്ന കോസ്വേ വഴി കടന്നുപോകുമ്പോൾ ഒന്ന് വഴുതിയാൽപോലും അഗാധമായ ആഴവും ചുഴിയുമുള്ള ഭാഗത്തേക്കു വീണ് വൻ അപകടം സംഭവിച്ചേക്കാവുന്ന ഭാഗത്തുകൂടിയാണ് കോസ്വേ നിർമിച്ചിരിക്കുന്നത്.
മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടായിട്ടുപോലും കോസ്വേ ഭാഗത്ത് സുരക്ഷാസംവിധാനം ഒരുക്കാനോ മുന്നറിയിപ്പുകൾ നൽകാനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറായിട്ടില്ല. നിർമാണത്തിലിരിക്കുന്ന പെരുന്തേനരുവി-കുരുമ്പൻമൂഴി റോഡ് വഴി കടന്നുപോകാൻ കഴിയാത്തതും നാട്ടുകാരെ അപകടകരമായ സാഹസികയാത്ര തെരഞ്ഞെടുക്കാൻ കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.