മഴ കണ്ടാൽ വെളളത്തിൽ മുങ്ങും കോസ്വേ
text_fieldsപത്തനംതിട്ട: കുരുമ്പൻമുഴി, മണക്കയം പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ. മാനം ഇരുണ്ടാൽ പോലും മുങ്ങുന്ന കുരുമ്പൻമൂഴി കോസ്വെയാണ് പട്ടികജാതി/ വർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെ 450 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ദുരിതത്തിലാക്കുന്നത്.
വനമേഖലകളിൽ താമസിക്കുന്നവർക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഈ കോസ്വെ വരുത്തിവെച്ചിരിക്കുന്നത്. പെരുന്തേനരുവി ഡാം വരും മുമ്പ് വലിയ പ്രളയ ദിനങ്ങളിൽ മാത്രമായിരുന്നു ഈ പ്രദേശം ഒറ്റപ്പെടാറുണ്ടായിരുന്നത്. പമ്പാനദിയിൽ ജലനിരപ്പുയർന്ന് കുരുമ്പൻമൂഴി കോസ്വേ മുങ്ങി ഇതുവഴി ഗതാഗതം തടസ്സപ്പെടുന്നതോടെ ഇവിടത്തുകാർ പുറംലോകവുമായി ഒറ്റപ്പെടുകയാണ്. ചെറിയ മഴയത്ത് പോലും കോസ്വേയിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.
നാറാണംമൂഴി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങൾ. ഹെൽത്ത് സെന്റർ, അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മറ്റ് വികസനങ്ങൾ ഒന്നും ഇവിടെ എത്തിയിട്ടില്ല. കോസ്വേ കടക്കാനാകാതെ വരുന്നതോടെ ചികിത്സയും, കുട്ടികളുടെ പഠന സൗകര്യവും മുടങ്ങും. മൂന്ന് വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട പ്രദേശങ്ങളാണ് കുരുമ്പൻമൂഴിയും മണക്കയവും.
മുമ്പ് മറുകരയെത്തിയിരുന്നത് വള്ളത്തിലും ചങ്ങാടത്തിലും
വള്ളത്തിലും ചങ്ങാടത്തിലുമായിരുന്നു മുമ്പ് മറുകരയെത്തിയിരുന്നത്. പിന്നീട് ജനകീയ പങ്കാളിത്തത്തോടെയാണ് കോസ്വേ നിർമിച്ചത്. കോസ്വേ വന്നപ്പോൾ ഗ്രാമവാസികൾ എറെ സന്തോഷിച്ചു. എന്നാൽ ഇത് അധികകാലം നീണ്ടുനിന്നില്ല. ഇതിന് തൊട്ടുതാഴെയായി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി പമ്പാനദിയിൽ തടയണ നിർമിച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. പിന്നാലെ കോസ്വേ മുങ്ങുന്നത് പതിവായി. മുങ്ങിയാൽ പിന്നെ വെള്ളം ഇറങ്ങാൻ ദിവസങ്ങൾ എടുക്കും.
2018ലെ പ്രളയത്തിൽ കോസ് വേ തകരുന്നുവെന്ന പ്രചാരണം വരെ ഉണ്ടായിരുന്നു. കാര്യമായ കേടുപാടുകൾ ഉണ്ടായില്ലെങ്കിലും പ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണലും വൻതോതിൽ കോസ്വേക്കും തടയണക്കും മധ്യേ നദിയിൽ അടിഞ്ഞുകൂടി. ഇതോടെ സ്വാഭാവിക ജലമൊഴുക്ക് തടസ്സപ്പെടുകയാണ്. വെള്ളം ഉയരുന്ന സമയത്ത് കൊടുവനത്തിലൂടെ കിലോമീറ്റർ സഞ്ചരിച്ച് പെരുന്തേനരുവി ഭാഗത്തെ റോഡിലേക്കെത്തുക എന്നതും വലിയ ദുഷ്കരമാണ്.
‘പാലം ഒരു വര്‍ഷത്തിനുള്ളിൽ’ പ്രഖ്യാപനം വന്നിട്ട് വർഷം ഒന്നുകഴിഞ്ഞു!
കുരുമ്പന്‍മൂഴിയിൽ പാലം ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് അധികൃതർ കഴിഞ്ഞ വർഷം പ്രഖ്യാപനം നടത്തിയതാണ്. ഉയരത്തിൽ സുരക്ഷിതമായ നടപ്പാലം നിർമിക്കാനായിരുന്നു പദ്ധതി. വെള്ളപ്പൊക്ക കാലത്ത് ജില്ലയിലെ നേതാക്കളുടെ സ്ഥിരം സന്ദർശന സ്ഥലമാണ് കുരുമ്പന്മൂഴിയും അരയാഞ്ഞിലിമണ്ണും. കോസ്വേ ഉയർത്തും, പുതിയ പാലം പണിയുമെന്നൊക്കെ വാഗ്ദാനം നൽകി അവർ മടങ്ങും.
നാല് കോടി രൂപയോളം ചെലവില്‍ കുരുമ്പന്‍മൂഴി പാലവും, രണ്ടെമുക്കാല്‍ കോടി രൂപയോളം ചെലവില്‍ അരയാഞ്ഞിലിമണ്ണ് പാലവും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും അന്ന് പറഞ്ഞിരുന്നു.
എന്നാൽ തുടർ നടപടി വൈകുകയാണ്. പാലത്തിനുപകരം നിലവിലെ കോസ്വേയുടെ ഉയരം കൂട്ടാൻ കഴിയുംവിധമാണ് നിർമിച്ചിട്ടുള്ളത്. ഉപരിതലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയ ശേഷം ഉയരം കൂട്ടാവുന്ന വിധത്തിലാണ് കോസ്വേയുടെ നിർമിതി.
‘കുരുമ്പൻമൂഴിക്കാരെ രക്ഷിക്കണം’
പത്തനംതിട്ട: കുരുമ്പൻമൂഴി കോസ്വേയിൽ സ്ഥിരമായി വെള്ളം കയറുന്നതിന് പരിഹാരമുണ്ടാക്കി ജനങ്ങളെ രക്ഷിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്ന് നാഷനൽ ജനതാദൾ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോസ് വേയിൽ വെള്ളം കയറുന്ന ദിവസങ്ങളിലെല്ലാം കുട്ടികളുടെ പഠനം മുടങ്ങുകയാണ്.
അഞ്ചു കിലോമീറ്റർ കൊടും വനത്തിലൂടെ യാത്ര ചെയ്ത് വേണം ഡാം വഴി മറുകര കടക്കാൻ. സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോൺ സാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു ചെമ്പുകുഴിയിൽ, നിയോജക മണ്ഡലം പ്രസിഡൻറ് വിജയകുമാർ പുളിക്കൽ, ശ്യാം രാജ്, വിലാസിനി പാപ്പൻ, ഷാജി മാമ്മൂട്ടിൽ, മണി മോഹൻ, തങ്കമണി കുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.