തൊഴിൽക്കരം; പ്രചാരണം വസ്തുതവിരുദ്ധം - പത്തനംതിട്ട നഗരസഭ ചെയർമാൻ
text_fieldsപത്തനംതിട്ട: വ്യാപാരികളുടെ തൊഴിൽ കരവുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത പ്രചാരണമാണ് ചിലർ നടത്തുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ. നിലവിൽ ഭരണസമിതി അധികാരത്തിൽ വന്നശേഷം തൊഴിൽ കരം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. 2005ലെ കേരള മുനിസിപ്പൽ തൊഴിൽ നികുതി ചട്ടങ്ങൾ പ്രകാരമാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ നികുതി പരിഷ്കരിച്ച് സർക്കാർ ഉത്തരവായത്.
തൊഴിൽ നികുതി നിരക്ക് ചട്ടങ്ങളിലെ പട്ടികയിൽ നിശ്ചയിച്ച പ്രകാരമാണ് ഈടാക്കുന്നത്. 2005 മുതൽ തന്നെ കേരളത്തിലെ മറ്റ് നഗരസഭകൾ നികുതി പരിഷ്കരണം നടപ്പാക്കിത്തുടങ്ങി. എന്നാൽ, പുതുക്കിയ നികുതി ഈടാക്കുന്നതിൽ വന്ന കാലതാമസം പത്തനംതിട്ട നഗരസഭക്ക് വൻതുക നികുതിയിനത്തിൽ നഷ്ടമാക്കിയതായി ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്നാണ് ഒന്നര പതിറ്റാണ്ടിനു മുമ്പ് പുതുക്കി നിശ്ചയിച്ച നികുതി ഈടാക്കാൻ ഉദ്യോഗസ്ഥതലത്തിൽ നടപടി ആരംഭിച്ചത്. ഓരോ അർധവർഷത്തിലും നിശ്ചയിക്കപ്പെടുന്ന നികുതിയെക്കുറിച്ച് ആക്ഷേപം ഉള്ളവർക്ക് നഗരസഭ സെക്രട്ടറിക്ക് റിവിഷൻ ഹരജി നൽകാം. അന്വേഷണശേഷം സെക്രട്ടറി നിശ്ചയിക്കുന്ന തുകയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട വ്യക്തിക്കോ സ്ഥാപനത്തിനോ നഗരസഭയുടെ ഫിനാൻസ് കമ്മിറ്റിക്ക് അപ്പീലും നൽകാം.
വൻകിട സ്ഥാപനങ്ങൾക്കാണ് അർധവാർഷിക നികുതിയായി 1250 രൂപ പരമാവധി ചുമത്തുന്നത്. ചെറുകിട വ്യാപാരികൾക്ക് അവരുടെ വരുമാനത്തിന് അനുസരിച്ചാണ് തൊഴിൽ കരം ഈടാക്കുന്നതെന്ന് ഭരണസമിതി ഉറപ്പുവരുത്തും. 2022-23ലെ ആദ്യ അർധവർഷത്തിൽ നിശ്ചയിച്ച തൊഴിൽ നികുതിയുമായി ബന്ധപ്പെട്ട് മുന്നൂറിലധികം വ്യാപാരികൾ നഗരസഭ സെക്രട്ടറിക്ക് റിവിഷൻ ഹരജി സമർപ്പിച്ചിട്ടുണ്ട്. എല്ലാ ഹരജികളിലും തീർപ്പ് ഉണ്ടാക്കുകയും നഗരസഭ കൗൺസിലിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ യോഗം ബഹിഷ്കരിച്ച കൗൺസിൽ അംഗങ്ങൾ അടക്കം ഐക്യകണ്ഠേനയാണ് കഴിഞ്ഞ കൗൺസിലിൽ അംഗീകാരം നൽകിയത്.
നഗരസഭ സെക്രട്ടറിയുടെ നിലവിലെ നികുതി നിർദേശത്തിൽ പരാതിയുള്ള വ്യാപാരികളുടെ ലൈസൻസ് പുതുക്കാൻ തടസ്സങ്ങൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ നഗരസഭ ചെയർമാന് നേരിട്ട് നൽകാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.