പെരുനാട് നരിപ്പാറയിൽ ഖനനം തുടങ്ങാൻ ഭൂമി തട്ടിപ്പും
text_fieldsവടശ്ശേരിക്കര: പെരുനാട് നരിപ്പാറയിൽ ഖനനം തുടങ്ങാൻ ഭൂമി കുംഭകോണം നടത്തിയതായി സൂചന. അതിപരിസ്ഥിതിലോല പ്രദേശമായ പെരുനാട് വില്ലേജിലെ പുതുക്കട നരിപ്പാറയിൽ പാറഖനനം തുടങ്ങാൻ സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെ ഒത്താശയോടെ സമീപകാലത്തു സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയതായി സംശയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
പെരുനാട് പുതുക്കട കണ്ണനുമൻ വാർഡിലെ നരിപ്പാറയിൽ ശബരിമല വനമേഖലക്ക് തൊട്ടടുത്ത്, ജലവൈദ്യുതി പദ്ധതികളുടെ അറ്റാച്ച്മെന്റ് മേഖലക്ക് സമീപത്താണ് പാറ ഖനനത്തിന് നീക്കം നടക്കുന്ന നരിപ്പാറ. 2021ൽ ഇതേ സ്ഥലത്ത് സമാന ഖനനശ്രമങ്ങൾ നടന്നപ്പോൾ പശ്ചിമഘട്ട സംരക്ഷണസമിതി ജില്ല കമ്മിറ്റി അംഗമായ അംബുജാക്ഷൻ നായർ പെരുനാട് വില്ലേജ് ഓഫിസിൽ നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ നരിപ്പാറയിലെ സർവേ നമ്പർ 889 / 1ൽപെട്ട വസ്തു സർക്കാർ തരിശുഭൂമിയായാണ് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതേ സ്ഥലത്തെ ഇതേ സർവേ നമ്പറിൽപെട്ട 03 ഹെക്ടർ 36 ഏക്കർ ഭൂമി സ്വകാര്യ വ്യക്തിയുടേതാണെന്ന് അവകാശപ്പെടുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് 2022 പത്താം മാസം പെരുനാട് വില്ലേജ് ഓഫിസിൽനിന്ന് അനുവദിക്കുകയുണ്ടായി. നരിപ്പാറയിൽ പാറഖനനം ആരംഭിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പത്തനംതിട്ട ഓഫിസിൽ നൽകാനാണ് വില്ലേജ് ഓഫിസർ ഈ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
രണ്ടുവർഷം മുമ്പ് ഇതേ സർവേ നമ്പറിൽപെട്ട വസ്തു സർക്കാർ ഭൂമിയാണെന്ന് വിവരാവകാശ മറുപടി നൽകിയ വില്ലേജ് ഓഫിസർ തന്നെയാണ് ഇപ്പോൾ ഈ ഭൂമിക്ക് കൈവശാവകാശം നൽകിയിരിക്കുന്നതെന്നും വമ്പൻ ഉദ്യോഗസ്ഥ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നതിന് ഇത് തെളിവാണെന്നും അംബുജാക്ഷൻ നായർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.