പുലിപ്പേടിയിൽ നാട്; വ്യാജ വാർത്തകളും നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു
text_fieldsപത്തനംതിട്ട: വനത്തോട് ചേർന്ന് കഴിയുന്നവർക്ക് മാത്രമല്ല, ഇപ്പോൾ നാട്ടിൻപുറത്തുകാർക്കും പുലിയെന്ന് കേട്ടാൽ പേടിയായിത്തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച പുലർച്ച കലഞ്ഞൂർ ഇഞ്ചപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിച്ചെന്ന വാർത്ത പരന്നതിനെ തുടർന്നാണ് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പുലിപ്പേടി കടന്നുവരാൻ തുടങ്ങിയത്.
ബുധനാഴ്ച രാത്രി വള്ളിക്കോട് താഴൂർ, ഇടത്തിട്ട, തട്ട ഭാഗങ്ങളിലും പുലിയെ കണ്ടെന്ന അഭ്യൂഹം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതോടെ രാത്രി യാത്ര പലരും മാറ്റിവെച്ചു. പുലർച്ച നടക്കാൻ ഇറങ്ങുന്നവരും ഭയത്തിലായി. ടാപ്പിങ് തൊഴിലാളികളും പുറത്തിറങ്ങാൻ ഭയക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ പ്രവഹിക്കുന്ന വ്യാജ വാർത്തകൾ ഇതിന് പുറമെയാണ്.
പ്ലാന്‍റേഷൻ കോർപറേഷെൻറ റബർതോട്ടങ്ങളും കാടും നിറഞ്ഞ ധാരാളം പ്രദേശങ്ങളാണുള്ളത്. എന്നാൽ, കലഞ്ഞൂരിൽ ഇതുവരെ പുലി സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഇവിടെ പുലിയെ കണ്ടെത്താൻ ഡ്രോൺ പറത്തിയിട്ടും ഒരു ദ്യശ്യങ്ങളും ലഭിച്ചിട്ടില്ല. ഇതിനിടെ ചൊവ്വാഴ്ച രാവിലെ അരുവാപ്പുലത്ത് പാൽ സൊസൈറ്റിയിലേക്കുപോയ വീട്ടമ്മക്ക് ഏതോ ജീവിയെക്കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലം പരിശോധിച്ചപ്പോൾ പന്നിയുടെ കാൽപ്പാടുകളാണ് കണ്ടത്. പിന്നീട് ഡ്രോൺ പരിശോധന നടന്നിട്ടും ഒന്നും കണ്ടെത്തിയില്ല. കൂടൽ, ഇഞ്ചപ്പാറ, വകയാർ പ്രദേശങ്ങളിലെല്ലാം ഡ്രോൺ പരിശോധന നടക്കുന്നുണ്ട്. സംശയകരമായ കാൽപ്പാടുകളും പരിശോധിക്കുന്നുണ്ട്.
തട്ടഭാഗത്തും പുലിയെ കണ്ടെന്ന്
കൊടുമൺ: തട്ടഭാഗത്ത് ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടെന്ന അഭ്യൂഹം പരിഭ്രാന്തിക്കിടയാക്കി. വ്യാഴാഴ്ച പുലർച്ച ടോർച്ച് വെട്ടത്തിൽ കണ്ണുകൾ തിളങ്ങുന്നത് കണ്ടതായാണ് അവർ പറയുന്നത്. ഇതേ തുടർന്ന് ഇടത്തിട്ട, തട്ട ഭാഗങ്ങളിൽ പൊലീസും വനംവകുപ്പും പരിശോധന നടത്തി.
ആശങ്ക വേണ്ട –വനംവകുപ്പ്
പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ ടൗണിനോട് ചേർന്ന ഗ്രാമീണ മേഖലയിൽ പുലിയെ കണ്ട സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്. തട്ട- പാറക്കര ഭാഗത്തെ സ്ത്രീകളാണ് പുലിയെ കണ്ടതായി പറയുന്നത്. തുടർന്ന് പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ തുടങ്ങി.
പുലർച്ചവരെ നീണ്ട തിരച്ചിലിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മഴപെയ്തതിനാൽ മണ്ണിൽ പുലിയുടെ കാൽപ്പാടുകൾ തെളിഞ്ഞുകാണേണ്ടതാണ്. മാത്രവുമല്ല പുലിയിറങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ സാന്നിധ്യവും കുറയും. പുലിയുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന ഒരു തെളിവും മേഖലയിൽ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം പുലിയുണ്ടെന്ന പ്രചാരണം നാട്ടിൽ കാട്ടുതീപോലെ പടർന്നു. പരിഭ്രാന്തിയിൽ മേഖല മുഴുവൻ രാത്രി ഉണർന്നിരുന്നു. ടൗൺ മേഖലയായതിനാൽ തെരുവിൽ രാത്രിയിലും വലിയ ആൾക്കൂട്ടമാണ്. സമീപ പഞ്ചായത്തായ കലഞ്ഞൂരിെൻറ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. എന്നാൽ, പുലിയെ കണ്ടതായ വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രപ്രസാദ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.