പത്തനംതിട്ടയിലെ നിലംനികത്തല്‍; അനുമതി നേടിയതിന് പിന്നില്‍ വന്‍ ക്രമക്കേട്
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്ത് റിങ് റോഡിലെ നിലംനികത്തിയതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടും സാമ്പത്തിക ഇടപാടുകളും നടന്നതായി വ്യക്തമാകുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കേണ്ട വയലാണ് തരംമാറ്റി കരഭൂമിയാക്കി നൽകിയിരിക്കുന്നത്. 2019ൽ അന്നത്തെ അടൂർ ആർ.ഡി.ഒയാണ് ഇത്തരമൊരു ഉത്തരവ് ഭൂ ഉടമക്ക് കൈമാറിയത്.
ഇതിൽ ഭൂഉടമ സംസ്ഥാന സർക്കാറിലേക്ക് 10 ലക്ഷം രൂപയും അടച്ചിട്ടുണ്ട്. എന്നാൽ, ഇതിനുപിന്നിൽ ഉദ്യോഗസ്ഥനുമായി കോടികളുടെ ഇടപാട് നടന്നതായാണ് സൂചന. 2008ല്‍ നിലവില്‍വന്ന നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. 2008ന് മുമ്പ് നികത്തിയ ഭൂമി വിപണിവിലയുടെ 25 ശതമാനം പിഴയടച്ച് ക്രമപ്പെടുത്താന്‍ അനുമതി നല്‍കുന്നതായിരുന്നു ഈ ഭേദഗതി. എന്നാല്‍, ഇതിന്റെ മറവില്‍ പാടശേഖരമായ ഇവിടെ 2019ൽ ഗ്രീന്‍ സെസ് അടച്ച് തരംമാറ്റുകയായിരുന്നു. തരംമാറ്റാൻ അനുമതി നൽകുമ്പോഴും കെ.എസ്.ആര്.എ.സിയുടെ പക്കലെ സാറ്റ്ലൈറ്റ് ഡേറ്റായിൽ ഇത് പാടശേഖമായി തന്നെയാണ് കാണിച്ചിരിക്കുന്നത്. അന്നത്തെ ആര്.ഡി.ഒ ഈ നിയമലംഘനത്തിന് കൂട്ടുനിന്നെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആരോപിക്കുന്നത്.
പത്തനംതിട്ട നഗരഭസഭ അധികൃതർ നിലംനികത്തൽ തടയാൻ ശ്രമിച്ചപ്പോഴാണ് അന്നത്തെ ആർ.ഡി.ഒ നൽകിയ ഉത്തരവ് ഭൂ ഉടമ ഹാജരാക്കിയത്. ഇതിനിടെ വയൽ നികത്തുന്നതിൽ നിയമലഘനം വ്യക്തമായതിെൻറ അടിസ്ഥാനത്തിൽ ആര്.ഡി.ഒ പത്തനംതിട്ട വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടി.
മലയോരമേഖലയെ കവർന്നെടുത്ത അഴിമതി
എസ്. ശ്രീജിത് പാറലോബികൾക്ക് വേണ്ടപ്പെട്ടയാൾ
വടശ്ശേരിക്കര: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഓഫിസറായിരിക്കെ ഒന്നരക്കോടിയിലധികം രൂപ അനധികൃതമായി സമ്പാദിച്ചതിെൻറ പേരിൽ സസ്പെൻഷനിലായ ജിയോളജിസ്റ്റ് ദമ്പതികൾ ക്വാറി മണ്ണ് മാഫിയകളെ വഴിവിട്ട് സഹായിച്ചതിെൻറ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒട്ടനവധി കുന്നും മലകളും നശിപ്പിക്കപ്പെട്ടു.
ഖനന മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജിയോളജിസ്റ്റ് എസ്. ശ്രീജിത്, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റ് കൂടിയായ ഭാര്യ എസ്.ആർ. ഗീത എന്നിവർ പശ്ചിമഘട്ട മലനിരകളിലെയും താഴ്വാര പ്രദേശങ്ങളിലെയും കുന്നുകളും പാറയും ഖനനം ചെയ്യാൻ കൂട്ടുനിന്നു.
പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും നിരന്തര പരാതികൾക്കൊടുവിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിന്മേലാണ് കഴിഞ്ഞദിവസം ഇവരെ സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട ജില്ലയിൽ ക്വാറി മാഫിയയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുമായി ശ്രീജിത് അടുത്തബന്ധം പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ അഴിമതിയെ തുടർന്ന് ഒരുതവണ സസ്പെൻഡ് ചെയ്ത ഇയാളെ പാറമടലോബി മൂന്നുദിവസത്തിനകം സർവിസിൽ തിരികെക്കയറ്റി.
വനം കൈയേറ്റത്തെത്തുടർന്ന് വിവാദമായ റാന്നിയിലെ നീരേറ്റുകാവ് പാറമടക്കും ഇയാളുടെ കാലത്താണ് ലൈസൻസ് നൽകാൻ നീക്കംനടന്നത്. വനഭൂമിയിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തി പാറമട തുടങ്ങാൻ അനുമതി സംഘടിപ്പിച്ചെങ്കിലും 'മാധ്യമം' വാർത്ത പുറത്തുകൊണ്ടുവന്നു. വനംവകുപ്പ് ഈ സ്ഥലം തിരിച്ചുപിടിച്ചു സ്വാഭാവിക വനമാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.
പ്രതിഷേധത്തെത്തുടർന്നും സർക്കാർ ഇടപെടലിനെത്തുടർന്നും പൂട്ടിയിട്ടിരുന്ന ജില്ലയിലെ പല പാറമടകളും വീണ്ടും തുറന്നുപ്രവർത്തിക്കാൻ സഹായം ചെയ്തുകൊടുത്തതും ഇദ്ദേഹമാണെന്ന് ആരോപണമുണ്ട്.
ഖനന മാഫിയയിൽനിന്ന് കൈമടക്ക് ലഭ്യമാക്കാൻ ഏജന്റിനെ വെച്ചതായ വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നടപടി എടുക്കുന്നതിനൊപ്പം അതീവ പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങളിൽനിന്ന് ഇയാളുടെ സഹായത്തോടെ നടത്തിയ ഖനനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.