നിലം നികത്തൽ; മുൻ ആർ.ഡി.ഒയുടെ ഉത്തരവ് റദ്ദാക്കി സബ് കലക്ടർ
text_fieldsതിരുവല്ല: വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് മറച്ചുവെച്ച് നിലം നികത്താൻ മുൻ ആർ.ഡി.ഒ നൽകിയ ഉത്തരവ് തിരുവല്ല സബ് കലക്ടടർ ശ്വേത നാഗർകോട്ടി റദ്ദാക്കി.
തിരുവല്ല ബൈപാസിനോട് ചേർന്ന് മഴുവങ്ങാട് ചിറക്ക് സമീപം കോടികൾ വിലമതിക്കുന്ന 9.5 സെന്റ് നിലമാണ് പുരയിടമാക്കി മാറ്റാൻ മുൻ ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ ഉത്തരവ് നൽകിയത്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുടെ ഉടമസ്ഥതയിലേതാണ് ഈ സ്ഥലം.
ഇവിടെ എത്തി പരിശോധന നടത്തിയ വില്ലേജ് ഓഫിസർ ഭൂമി നിലം തന്നെയാണെന്നും തരംമാറ്റിയാൽ സമീപത്തുള്ള നീർച്ചാലുകൾക്കും കൃഷിക്കും തടസ്സമാകുമെന്നും കാണിച്ച് വിശദമായി റിപ്പോർട്ട് നൽകിയിരുന്നു. ഇത് അട്ടിമറിച്ചാണ് വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം തരം മാറ്റാവുന്നതാണെന്ന് മുൻ ആർ.ഡി.ഒ തെറ്റായി ഉത്തരവ് നൽകിയത്. ഉടമസ്ഥനെക്കൊണ്ട് 5.91 ലക്ഷം രൂപ തരം മാറ്റാനായി സർക്കാറിലേക്ക് ഫീസിനത്തിൽ ഈടാക്കുകയും ചെയ്തു. 25 സെന്റിൽ താഴെയുള്ള ഭൂമി സൗജന്യമായി തരം മാറ്റാമെന്ന ഉത്തരവും അട്ടിമറിച്ചാണ് പണം ഈടാക്കിയത്.
വിവാദമായ സ്ഥലത്ത് കഴിഞ്ഞ ദിവസം മണ്ണിട്ട് നികത്താനും ശ്രമം ആരംഭിച്ചു. ഇത് തടഞ്ഞ് വില്ലേജ് ഓഫിസർ നിരോധന ഉത്തരവും നൽകി.
മണ്ണിറക്കിയത് ശ്രദ്ധയിൽപെട്ടപ്പോഴാണ് നാട്ടുകാർ പരാതിയുമായി എത്തിയത്. ഇതാണ് പഴയ രേഖകളും ഉത്തരവും പരിശോധിക്കാനുള്ള കാരണം. അഴിമതി ശ്രദ്ധയിൽപെട്ട ഉടൻ സബ്കലക്ടർ ഉത്തരവും റദ്ദാക്കി.
ബൈപാസിനോട് ചേർന്ന ഭൂമികളെല്ലാം ഡേറ്റബാങ്കിൽ ഗവൺമെന്റ് ഡെവലപ്മെന്റ് പർപ്പസ് എന്ന തലക്കെട്ടിലാണ് കിടക്കുന്നത്. ഡേറ്റബാങ്കിൽ ഉൾപ്പെടാത്ത കാരണത്താലാണ് ഭൂമി തരം മാറ്റത്തിനായി അപേക്ഷയുമായി ഉടമസ്ഥർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.