പമ്പയിൽ വാഹനപാർക്കിങ്ങിന് ഭീഷണിയായി മണ്ണിടിച്ചിൽ തുടരുന്നു
text_fieldsശബരിമല: പമ്പയിലെ വാഹനപാർക്കിങ്ങിന് ഭീഷണിയായ ഹിൽടോപ്പിലെ മണ്ണിടിച്ചിൽ തുടരുന്നു. പമ്പ ത്രിവേണിയിലേക്കാണ് മണ്ണ് പതിക്കുന്നത്. ഇവിടെ ഭിത്തി നിർമിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. ഇതുമൂലം വാഹനങ്ങൾ പമ്പയിലേക്ക് കടക്കുന്നത് തടയുന്ന നടപടി തുടരുകയാണ്. ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ് അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
തീർഥാടകർ വാഹനങ്ങൾ നിലക്കലിൽ പാർക്ക് ചെയ്തശേഷം പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ എത്തേണ്ട ഗതികേടിലാണ്. പമ്പയിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹിൽടോപ്പിലാണ് കൂടുതൽ സ്ഥലമുള്ളത്. 2018ലെ പ്രളയത്തിലാണ് ഹിൽടോപ്പിൽ അപകടകരമായ നിലയിൽ മണ്ണിടിഞ്ഞത്. തുടർന്നുള്ള വർഷങ്ങളിലും ഇവിെട മണ്ണിടിച്ചിലുണ്ടായി. ത്രിവേണിയിൽ നദിയിലേക്കാണ് മണ്ണ് പതിക്കുന്നത്. നദീതീരത്ത് ശക്തമായ ഭിത്തിനിർമിച്ച് ബലെപ്പടുത്തുകയാണ് പോംവഴി. രണ്ടുവർഷമായിട്ടും ഭിത്തിനിർമാണം പകുതി പോലുമായില്ല. 2018ലെ പ്രളയശേഷം തീർഥാടനകാലത്ത് മണൽചാക്ക് അടുക്കിയാണ് ഹിൽടോപ്പിലെ മണ്ണിടിച്ചിൽ തടയാൻ ശ്രമിച്ചത്. വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഇത് പാഴ്വേലയായി.
മണൽ നിറച്ച ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകളുടെ അവശിഷ്ടം പമ്പാനദിയെ മലിനമാക്കുകയും ചെയ്തു. തുടർന്നാണ് ഭിത്തിനിർമാണം തുടങ്ങിയത്. ഇറിഗേഷൻ വകുപ്പാണ് ഭിത്തി നിർമിക്കുന്നത്. മൂന്നുകോടിയിൽപരം രൂപക്കാണ് കരാർ നൽകിയിരിക്കുന്നത്. ഇത്തവണ മഴയത്ത് നിലക്കലിനും ചാലക്കയത്തിനുമിടയിൽ റോഡിൽ മണ്ണിടിച്ചിലുണ്ടായതോടെ പാറകൊണ്ടുവരുന്നത് നിലച്ചതും ഭിത്തിനിർമാണത്തിന് തടസ്സമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.